റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം; പ്രൗഢ ഗംഭീരമായി പരേഡ്

0

ജനാധിപത്യ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദര്‍ശകരെ ചുരുക്കി, കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ പത്തരയോടെ റിപബ്ലിക് ദിന പരേഡ് രാജ്പഥില്‍ ആരംഭിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക് ദിനമെത്തുന്നതെന്ന പ്രത്യേകതകൂടി ഇന്നത്തെ ആഘോഷത്തിനുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് മാറ്റ് കൂട്ടി സൈനികാഭ്യാസ പ്രകടനങ്ങൾ നടന്നു. രാജ്യത്തിൻറെ പ്രതിരോധ കരുത്ത് വിളിച്ചോതി ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകൾ പരേഡിൽ പങ്കെടുത്തു.

ഇതുകൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ 75 വിമാനങ്ങളുടെ ഗ്രാന്‍ഡ് ഫ്ലൈ പാസ്റ്റ്, മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങള്‍ എന്നിവ പരേഡിലെ പ്രധാന ആകര്‍ഷണങ്ങളാകും. ഇതു കൂടാതെ കാണികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്‌ക്രീനുകളും ഇവിടെ സ്ഥാപിക്കുന്നുണ്ട്.