പീഡന പരാതിയിൽ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളെ തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർജാമ്യം നിഷേധിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
അദ്ദേഹത്തിനെതിരെ രണ്ട് ലൈംഗിക ആരോപണ പരാതികളാണ് നിലവിലുള്ളത്. സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ച കോടതിയുടെ പരാർമർശം വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശം ഹൈക്കോടതി നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാൽ, പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർജാമ്യം തുടരാമെന്ന നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈക്കൊണ്ടത്. ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് പിന്നീട് കേസ് പരിഗണിച്ചത്. രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.