എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വീണ്ടും പ്രദര്‍ശനാനുമതി നല്‍കി

0

സനല്‍ കുമാര്‍ ശശിധരന്‍ സിനിമ എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വീണ്ടും പ്രദര്‍ശനാനുമതി നല്‍കി. റോട്ടര്‍ഡാം ഫിലിംഫെസ്റ്റിവല്‍ ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരം നേടുകയും ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല.

എസ് ദുര്‍ഗ എന്ന ചിത്രത്തിന്റെ പേരില്‍ എസിന് ശേഷം മറ്റ് യാതൊരു അടയാളങ്ങളും പാടില്ലെന്ന നിബന്ധനയോടെയാണ് ഇന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നല്‍കിയിരിക്കുന്നത്. സെക്‌സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ പോസ്റ്ററുകളില്‍ എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് അടയാളങ്ങള്‍ ഇട്ട ശേഷമായിരുന്നു ദുര്‍ഗ എന്ന് എഴുതിയിരുന്നത്. ഇത് സെക്‌സി എന്ന് തന്നെ വായിക്കുന്ന വിധത്തിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഐഎഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തൊട്ട് മുമ്പ് പ്രദര്‍ശന അനുമതി നിഷേധിച്ചത്.

അതേസമയം തന്റെ ചിത്രത്തിനെതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്ന് സനല്‍ പ്രതികരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ദുര്‍ഗ എന്ന് തന്നെയാണ് എല്ലായിടത്തും പേര് നല്‍കിയിരുന്നത്. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പോസ്റ്ററുകളില്‍ പേര് വെട്ടിയതിലെ പ്രതീകാത്മക പ്രതിഷേധമായി എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് ബാന്‍ഡ് എയ്ഡുകള്‍ ഒട്ടിച്ച ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

പേരില്‍ നടത്തിയ സെന്‍സറിംഗ് മൂലമുണ്ടായ മുറിവാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങളെക്കൊണ്ട് ഇത് വിവാദമാക്കിയെടുക്കുകയും പ്രദര്‍ശനാനുമതി നിഷേധിക്കുകയുമായിരുന്നു. എന്നാല്‍ റിവ്യൂ കമ്മിറ്റി ചിത്രത്തില്‍ യാതൊരു പ്രശ്‌നവും കാണാത്തതിനാല്‍ വീണ്ടും പ്രദര്‍ശന അനുമതി നല്‍കുകയായിരുന്നുവെന്നും സനല്‍ വ്യക്തമാക്കി.