കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകനും നെട്ടൂര്‍ സ്വദേശിയുമായ മേക്കാട്ട് സഹല്‍ ഹംസ (23) എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്.കൂട്ടുപ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (ചിപ്പു– 25) അഭിമന്യുവിനെ പിടിച്ചു നിർത്തിയപ്പോൾ സഹൽ കുത്തി കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം ഒളിവിൽ പോയ സഹൽ രണ്ടാഴ്ച മുൻപു നെട്ടൂരിലെ വീട്ടിലെത്തി എന്നാണു സൂചന.
ഇന്നലെ രാവിലെ 11 മണിയോടെ ജില്ലാ കോടതി സമുച്ചയത്തിലെ സന്ദർശക റജിസ്റ്ററിൽ പേരെഴുതിയ ശേഷമാണു സഹൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരായത്. പ്രതിയെ റിമാൻഡ് ചെയ്ത കോടതി കോവിഡ് നിരീക്ഷണ സെല്ലിലേക്ക് അയച്ചു. ലോക്ക് ഡൗണിൽ ഒളിവിൽ കഴിയുക ബുദ്ധിമുട്ടായതോടെ കീഴടങ്ങാൻ ശ്രമം തുടങ്ങിയിരുന്നു.
അഭിമന്യൂ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയാനിരിക്കെയാണ് പിടിയിലാവാനുള്ള അവസാന പ്രതി സഹലും കോടതിയില്‍ കീഴടങ്ങിയത്.അഭിമന്യൂവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 15 പേരും വിവിധ ഘട്ടങ്ങളിലായി പോലീസില്‍ കീഴടങ്ങുകയും വിചാരണ നടപടികള്‍ നേരിടുകയും ചെയ്യുകയാണ്. കേസിലെ മുഖ്യപ്രതിയായ സഹലിന് വേണ്ടി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈമാസം 25ന് കേസിന്റെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ തന്ത്രപരമായ കീഴടങ്ങൽ.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് ക്യാമ്പസില്‍വെച്ച് അഭിമന്യൂ കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. എന്നാല്‍ സഹല്‍, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് പിടികൂടാനായിരുന്നില്ല. പിന്നീട് ഷഹീം കഴിഞ്ഞ നവംബറില്‍ കീഴടങ്ങുകയായിരുന്നു. അഭിമന്യൂവിന്റെ സുഹൃത്തായ അര്‍ജുനെ കുത്തിയത് ഷഹീമായിരുന്നു.