ഷാൻ വധക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരുള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഡാലോചന നടത്തിയ ഒരാളും പ്രതികളെ ഒളിപ്പിച്ച രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസമാണ് ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായത് . അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണിവര്‍. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പൊലീസ് പിടിയിലാകുന്നത്.
പ്രതികളെ ഒളിവിൽ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയിൽ പങ്കെടുത്ത ധനേഷ് എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്. എല്ലാവരും ആർഎസ്എസിന്‍റെ സജീവ പ്രവർത്തകരാണ്. പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേർ പിടിയിലായത്.
അതേസമയം ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ പ്രധാന പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. ആർഎസ്എസിലെയും എസ്ഡിപിഐയിലെയും കുറ്റവാളികളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.