ഷാർജയിൽ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി ഉയർത്തി

1

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മൂന്ന് ദിവസം വാരാന്ത്യ അവധി നൽകാൻ തീരുമാനിച്ചത്.

വിലയിരുത്തലുകൾക്ക് ശേഷം ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.ജനുവരി ഒന്ന് മുതൽ പുതിയ ഭേദ​ഗതി പ്രാബല്യത്തിൽ വരും. എമിറേറ്റ്സിൽ നിലവിൽ സർക്കാർ ജീവനക്കാർക്ക് രാവിലെ 7.30 മുതൽ 3.30 വരെയാണ് ജോലി സമയം. ഇതിൽ മാറ്റം വരുത്തി ജോലി സമയം നാല് മണിവരെയാക്കി ഉയർത്താനും വെള്ളിയാഴ്ച കൂടി അവധി നൽകാനുമാണ് തീരുമാനം.

യുഎഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തി സമയം നാലര ദിവസമായി ചുരുക്കിയിരിക്കെയാണ് എമിറേറ്റ്സുകളിലെന്നായ ഷാര്‍ജ വെള്ളിയാഴ്ച പൂര്‍ണ അവധി നല്‍കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണിവരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയിലെ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും.