ശബരിമല സ്വർണ മോഷണത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേർ പ്രതികൾ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്.
അന്തിമ റിപ്പോർട്ടിൽ സ്ഥിരം കസ്റ്റമറായ പോറ്റിക്ക് വേണ്ടി സ്വർണ്ണം ഉരുക്കിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സമ്മതിക്കുന്നു. സ്മാർട്ട് ക്രിയേഷൻസ് ഗൂഡാലോചനയിലെ പ്രധാന കണ്ണിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. മാത്രമല്ല മൊഴിക്ക് അപ്പുറം പാളികൾ ശരിക്കും ഉരുക്കിയോ, പാളികൾ അപ്പാടെ മാറ്റിയോ എന്നതലിടക്കം ശാസ്ത്രീയ പരിശോധന കൂടി വേണ്ടിവരും.