ദുബായ്: വീട്ടിലെ കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നവരാണെങ്കിൽ രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി ദുബായ് ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർക്കാണ് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി ലഭിക്കുക. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെങ്കിൽ പുരുഷ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. 30ന് സ്‌കൂളുകൾ തുറക്കാനിരിക്കെ വീട്ടിലിരുന്നുള്ള പഠന രീതി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ മേൽനോട്ടം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം.
ജോലികൾ വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിലുള്ളവ ആയിരിക്കണമെന്നും സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ ഒരു തരത്തിലുമുള്ള തടസവും നേരിടരുതെന്നുമുള്ള നിബന്ധനകളുമുണ്ട്.