അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്. അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് അദ്ദേഹം.
പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇല്‍ മക്തൂമൂം അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇയുടെ പുതിയ പ്രസിഡന്‍റാകുന്നത്.
യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.