ഷെറിന്റെ കൊലപാതകം: വളർത്തച്ഛൻ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം തടവ്

0

മൂന്ന് വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലയാളിയായ വെസ്ലി മാത്യൂസിന് യുഎസില്‍ ജീവപര്യന്തം. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന് ഡാലസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവു എന്നും ശിക്ഷാ വിധി വ്യക്തമാക്കുന്നു.

കൈയബദ്ധത്തിൽ കുഞ്ഞിന് പരുക്കേറ്റതായി വെസ്‌ലി കോടതിയിൽ സമ്മതിച്ചിരുന്നു. കുറഞ്ഞ‌ ശിക്ഷ ലഭിക്കാനാണ‌് വിസ‌്താരം തുടങ്ങുന്നതിന‌് മുമ്പായി കുറ്റം സമ്മതിച്ചത‌്. ദത്തെടുത്ത കുട്ടിയെ കൊല ചെയ‌്ത‌് ശരീരം ഡാലസിലെ കലുങ്കിൽ ഉപേക്ഷിച്ചതാണ‌് കേസ‌്.

മൂന്നു വയസുകാരിയുടെ മരണ കാരണം പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാവാതിരുന്നതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങാന്‍ കാരണം. മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കാണാതായ കുട്ടിയുടെ മൃതദേഹം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. അന്താരാവയവങ്ങൾ അഴുകിതുടങ്ങിയതിനാൽ മരണകാരണം കണ്ടെത്താനായില്ലെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വധശിക്ഷാ കുറ്റം ചുമത്തിയിരുന്നെങ്കിലും ഇതാണ് ഷെറിന് തുണയായത്. പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്.

പാല്‍ തൊണ്ടയില്‍ കുടുങ്ങി ഷെറിന്‍ മരിച്ചെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ മൊഴി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഇതു കണ്ടെത്താനായില്ല. ഇതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ആന്തരികാവയങ്ങളിലടക്കം പുഴുവരിച്ചു തുടങ്ങിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍ മരണകാര്യം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഷെറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫൊറന്‍സിക് പാത്തോളജിസ്റ്റ് എലിസബത്ത് വെന്‍ച്യൂറ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

മൂന്ന് വയസുള്ള ഷെറിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം സ്വന്തം കുട്ടിയെയും കൊണ്ട് പുറത്ത് പോയെന്നായിരുന്നു ദമ്പതികളുടെ വാദം. കുട്ടിയില്‍ ചില മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ പ്രതികള്‍ക്ക് കുട്ടിയോട് നീരസമുണ്ടാവുകയും തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.