ഒരു അച്ഛന്‍ ജീവിച്ച കഥയുമായി സിംഗപ്പൂര്‍ ഷോര്‍ട്ട് ഫിലിം – ഗിഫ്റ്റ്

0
സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം…..  എന്ന്  കൈതപ്രം  ഒരു ഗാനത്തില്‍ കുറിച്ചു…..എനിക്ക് എന്‍റെ അച്ഛനെ അത് പോലെ ഇഷ്ടമാണ് . അതേ പോലെ ആണ് എല്ലാവരും എന്ന് വിചാരിക്കുന്നു ഞാന്‍ .  ഓരോ ദിവസവും ഒരിക്കല്‍ എങ്കിലും ഓര്‍ക്കാതെയോ, പറയാതെയോ ,മിണ്ടാതെയോ ആ ഒരു വ്യക്തിയെ മാറ്റി നിര്‍ത്തുക പ്രയാസമായിരിക്കും. കുഞ്ഞിലെ മുതല്‍ ചൊല്ലും ചോറും തന്നു വളര്‍ത്തിയ അമ്മയും അച്ഛനും ഇന്ന്  പലര്‍ക്കും  ഒരു ബാദ്ധ്യത പോലെ ആയിരിക്കുന്നു നമ്മുടെ സമൂഹത്തില്‍….പഠനം കഴിഞ്ഞു കുടുംബം, ആയാല്‍ മാതാപിതാക്കള്‍ ഒരു കറിവേപ്പില പോലെ പടിക്ക് പുറത്ത് എന്ന അലിഖിത മുദ്രാവാക്യം കൊണ്ട് നടക്കുന്നു  ന്യൂ ജനറേഷന്‍. കൊച്ചു മോനെ കാണാന്‍ ആദ്യമായ് പട്ടണത്തില്‍ വന്ന  സ്വന്തം മാതാപിതാക്കളോട് എന്തിന് ഇപ്പോ ഇങ്ങോട്ട് വന്നെ എന്ന് ചോദിക്കുന്ന നിര്‍ദയ മാനസിക നിലയില്‍ എത്തിയവര്‍ ആയിരിക്കുന്നു ഈ  ന്യൂ ജനറേഷന്‍. മക്കളെ നോക്കാന്‍  രണ്ടാമത് ഒരു കല്യാണം പോലും വേണ്ട എന്ന് വച്ച ,രണ്ടു ആണ്‍ മക്കളുടെ ഒരച്ഛന് ഇന്ന് വൃദ്ധ സദനം ആണ് ആശ്രയം. എന്‍ജിനീയര്‍മാരായ മക്കള്‍ കുടുംബമോടെ വിദേശത്തു പോയപ്പോള്‍  മറ്റ് വഴിയില്ലായിരുന്നു ഈ വയസായ അച്ഛന്.  
 
“പല പ്രശ്നങ്ങള്‍ “ എന്ന പ്രയോഗത്തില്‍ ആണ് അച്ഛനമ്മമാരെ വലിച്ചെറിയാന്‍ പല മിടുക്കരും  കാരണം കണ്ടെത്തുക . ഈ പല പ്രശ്നങ്ങള്‍ കടന്നാണ് അവരും  നിന്നെ വളര്‍ത്തി   വലുതാക്കി ,സ്വദേശത്തും വിദേശത്തും വലിയ പത്രാസുകാരന്‍ ആക്കിയത് എന്ന ചിന്ത എല്ലാരും ബുദ്ധിപൂര്‍വ്വമോ  അല്ലാതെയോ മറക്കുന്നു. പത്തു മാസം ചുമന്നു പെറ്റ അമ്മയെപോലെ, ഒരു  കുന്നോളം  സ്നേഹം നെഞ്ചില്‍ എറ്റിയ എത്രയോ അച്ഛന്മാര്‍ ഉണ്ട്. മറിച്ചു ക്രൂരവും നിന്ദ്യവും ആയ കൂട്ടരും ഇല്ലാതെയില്ല. പക്ഷെ സ്നേഹവും പണവും നല്‍കി  വളര്‍ത്തിയവരെ ഒരു ശ്രദ്ധയും നല്‍കാതെ ഒരു വീട്ടിലോ  വൃദ്ധ സദനത്തിലോ  ചുമ്മാതെ ഉപേക്ഷിച്ചു, നെഞ്ചു വിരിച്ചു  നടന്നാല്‍ അതിനു എന്ത് പേര് പറയും?
 
മദ്യപാനിയും ക്രൂരനുമായ അച്ഛനെ പ്രായമായ അവസ്ഥയില്‍ കൂടെ നിന്ന് എല്ലാത്തിനും സഹായിക്കുന്ന ഒരു വ്യക്തിയുണ്ട്. ആ കുടുംബത്തെ അറിയാവുന്ന എല്ലാവരും ചോദിക്കും ഇത്ര ദ്രോഹിച്ച ഒരാളെ എങ്ങനെ ഇങ്ങനെ സ്നേഹിക്കാന്‍ പറ്റുന്നു ? അയാള്‍ക്ക്  അതിനു ഒരു മറുപടിയെ ഉള്ളൂ , ഇത് എന്‍റെ അച്ഛനല്ലേ ? ഇന്നു ഞാന്‍ എന്ന വക്തി ഉള്ളത് ഈ മനുഷ്യന്‍ ഈ ഭൂമിയില്‍ ഉണ്ടായത് കൊണ്ടാണ് . എന്നെ ദ്രോഹിച്ചു എന്നത് ഒരു ജീവിത സാഹചര്യം ആയിരുന്നു .അത് കാരണം എനിക്ക് അച്ഛനെ ഉപേക്ഷിക്കാന്‍ പറ്റുമോ ? ജീവിത സാഹചര്യമാണ് ഒരു പ്രശ്ന കാരണം അത് മറികടക്കുക എന്നതാണ് കടമ.
 
പ്രായം മനുക്ഷ്യന്‍റെ എല്ലാ കാര്യവും മാറ്റും. സ്വഭാവം , ചിന്ത , ആരോഗ്യം , ജീവിത രീതി  എല്ലാം. അപ്പൊള്‍ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക്  അവരുടെ രീതികള്‍ , ചിന്തകള്‍ , എന്നിവ രൂപപ്പെടും. “ എന്താ അച്ഛനും അമ്മയും ഇങ്ങനെ “ എന്ന് അറിയാതെ ചോദിച്ചുപോകും. അത് ജൈവപരമായ മാറ്റത്തിന്‍റെ  ഫലമാണ്. 
 
ചിലപ്പോള്‍ ദേഷ്യവും സങ്കടവും തോന്നും, ഉച്ചത്തില്‍ സംസാരിക്കേണ്ടി വരും, പക്ഷെ നിങ്ങള്‍ക്ക്  അവരുടെ വികാരം മനസ്സിലായാല്‍ അതിനെ മറികടക്കാന്‍ പ്രയാസമാവില്ല.  അത്തരം ഇടപെടല്‍ അവരെ വെറുക്കേണ്ട കാരണവും ആകുന്നില്ല.
 
വാര്‍ദ്ധക്യം അവരില്‍ വരുത്തിയ ഒരു പരിണാമത്തിന്‍റെ ആകെ തുക. അതില്‍ മനസും ആരോഗ്യവും ജീവിത സാഹചര്യവും ഇടപെടും.
 
വിദേശ രാജ്യങ്ങളില്‍ പോലും ഇത് ഉണ്ട്. പ്രായമായവരെ നോക്കാനും ശ്രദ്ധിക്കാനും ആളില്ലാതെ അവരെ തെരുവിലേക്കും പട്ടിണിയിലേക്കും തള്ളിയിടുന്ന കാഴ്ച്ച വെറും ഒരു നാടന്‍ ചൊല്ലല്ല. അതിനു ആഗോള വ്യാപ്തി ഉണ്ട്. അമേരിക്കയും, ചൈനയും ,ജപ്പാനും,  സിംഗപ്പൂരും ഇക്കാര്യത്തില്‍ മോശക്കാരല്ല . ഒരു നേരത്തെ ആഹാരമില്ലാതെ, രോഗങ്ങള്‍ അലട്ടുമ്പോള്‍ തെരുവില്‍ എത്തുന്നു ഇവര്‍. ഒരു പക്ഷെ അഞ്ചു കോടി ബാക്കി വെച്ചു തെരുവില്‍ മരിക്കാനും ഇവരില്‍ ചിലര്‍ക്ക്  യോഗമുണ്ടാകും.സൗദിയില്‍ നടന്നപോലെ!!!
 
മാതാപിതാക്കളുടെ വില അവര്‍ മരിച്ചു മണ്ണടിഞ്ഞിട്ടല്ല തിരിച്ചറിയേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍  ഒരല്‍പ്പം  ശ്രദ്ധ, ഒരു കരുതല്‍ അത് മതിയാവും. ചിലപ്പോള്‍ അതിനായി ചില കാര്യങ്ങള്‍ വേണ്ട എന്ന് വയ്ക്കേണ്ടി വരും. എങ്കിലും പൂര്‍ണ്ണമായും അവരെ അവഗണിക്കുന്ന ക്രൂരമായ പാപം ചെയ്താല്‍ , അടുത്ത തലമുറ നിന്നോടും അത് തന്നെ ചെയ്യും.
 
ഇനി ഈ ഷോര്‍ട്ട് ഫിലിം കാണൂ…..കണ്ണ് നിറയിക്കുന്ന, വികാര നിര്‍ഭതരമായ ഈ ചിത്രം സിംഗപ്പൂരില്‍ നിര്‍മ്മിച്ചതാണ്. ഗിഫ്റ്റ് എന്ന ഈ  ചിത്രം  ഫൂ ഖ്യുക്കി  നിര്‍മ്മിച്ച് ഡാനിയല്‍ യാം സംവിധാനം ചെയ്തിരിക്കുന്നു. ഒരച്ഛന്‍ മകന് നല്‍കിയ ജീവിത  പാഠത്തിന്‍റെ കഥ .