ജനാധിപത്യം പൂത്തുലയുമ്പോൾ തടവറയിൽ ഒരു വർഷം

0

ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യം പൂത്തുലയുകയാണെന്നും ഭാരതം പറുദീസയായി മാറിയിട്ടുണ്ടെന്നുമാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അതിൻ്റെ നേതൃത്വവും അവകാശപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ അടിയന്തിരാവസ്ഥയെക്കാളും ഭീകരമായ ഒരു രാഷ്ടീയ അവസ്ഥയിലൂടെയാണ് നമ്മുടെ രാഷ്ട്രം കടന്ന് പോകുന്നത്. ദില്ലിയിൽ അവകാശ സമരം നടത്തുന്ന നാടിൻ്റെ അന്നദാതാക്കളായ കർഷകരെ ക്രൂരമായി വേട്ടയാടുന്നു. ഉത്തരേന്ത്യ ദളിതരുടെയും അധ:സ്ഥിതരുടെയും കശാപ്പുശാലയായി മാറിത്തീർന്നിരിക്കുന്നു എന്നതാണ് വാസ്തവം. പശുക്കൾക്ക് ലഭിക്കുന്ന പരിഗണന പോലും ഉത്തരേന്ത്യയിലെ പിന്നാക്കക്കാർക്ക് ലഭിക്കുന്നില്ല എന്നത് ഫാഷിസ്റ്റ് ഭരണത്തിൻ്റെ സ്വഭാവ വിശേഷമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഹാത്രസിലുണ്ടായ ക്രൂരമായ ബലാൽസംഗവും കൊലപാതകവും മറക്കാൻ കഴിയാത്ത നൃശംസതതന്നെയായിരുന്നു.’ ആ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പോയ പത്രപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ തടവിലടച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയായിരിക്കുന്നു. എല്ലാ മനുഷ്യാവകാശവും നിഷേധിച്ച് കൊണ്ട് കഥകൾ കെട്ടിച്ചമച്ച് കൊണ്ടാണ് അദ്ദേഹത്തിന് എതിരെ UAPA അടക്കമുള്ള നിരവധി വകുപ്പുകൾ ചുമത്തി തടവറയിൽ അടച്ചിട്ടിരിക്കുന്നത്. 2020 ഒക്ടോബർ 5നാണ് അദ്ദേഹത്തെ അഴികൾക്കുള്ളിലാക്കിയത്. കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഒരു വർഷമായി സിദ്ധീഖ് കാപ്പൻ എന്ന പത്ര പ്രവർത്തകന് സ്വതന്ത്ര്യ വായു നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഇവിടെയാണ് നാം നമ്മുടെ ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയേണ്ടത്. പരദേശികളുടെ പാരതന്ത്ര്യത്തിൽ നിന്നും നാടിനെ മോചിപ്പിച്ച ധീരരായ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകളിൽ പ്രചോദിതരായ സ്വാതന്ത്ര്യബോധമുള്ള ഒരു ജനതയുടെ നേരെയാണ് അഭിനവ ഫാഷിസ്റ്റുകൾ നീതി നിഷേധത്തിൻ്റെ പുതിയ പഞ്ചതന്ത്രങ്ങൾ രചിക്കാൻ തുടങ്ങുന്നത് എന്നത് വിധി വൈപരീത്യം തന്നെയെന്നേ പറയാൻ കഴിയുകയുള്ളു. സിദ്ധീഖ് കാപ്പൻ്റെ മോചനം ഇനിയും വൈകിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ലെന്ന് ചരിത്രം തെളിയിക്കുക തന്നെ ചെയ്യും.