വീണ്ടും ആവേശമായി  ഓഹരി വിൽപന രംഗം

0

കൊച്ചി: ഇന്ത്യൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) രംഗത്ത് വീണ്ടും ആവേശം മടങ്ങിയെത്തുന്നു. പൊതു തെരഞ്ഞെടുപ്പിന്‍റെ നടപടി ക്രമങ്ങൾ തുടങ്ങിയതോടെ രണ്ട് മാസമായി മന്ദ ഗതിയിലായ ഐപിഒ വിപണിയിൽ വമ്പൻ കമ്പനികൾ ഉൾപ്പെടെ വലിയ ഇഷ്യുകളുമായി സജീവമാകുകയാണ്. ആഗോള വാഹന വിപണിയിലെ ഭീമനായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പ്രാരംഭ ഓഹരി വിൽപനയ്ക്കായുള്ള റെഡ് ഹെറിങ് പ്രോസ്‌പെക്‌ട്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ സമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ‌ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയിലൂടെ 300 കോടി ഡോളർ(25,000 കോടി രൂപ) സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിലുള്ള 17.5 ശതമാനം ഓഹരികൾ വിപണിയിൽ വിറ്റഴിക്കാനാണ് ദക്ഷിണ കൊറിയയിലെ മാതൃ കമ്പനി ആലോചിക്കുന്നത്.

മൂന്ന് മുൻനിര കമ്പനികളും അഞ്ച് ചെറുകിട, ഇടത്തരം കമ്പനികളുമാണ് ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നത്. ഡീ ഡെവലപ്പ്മെന്‍റ് 418 കോടി രൂപയാണ് വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. സ്റ്റാൻലി ലൈഫ് സ്‌റ്റൈൽസ്, ആക്മേ ഫിൻട്രേഡ് എന്നിവയുടെ ഓഹരി വിൽപനയും ഈ വാരം നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസിന്‍റെ ഉപ കമ്പനിയായ ബജാജ് ഹൗസിങ് ഫിനാൻസും പ്രാരംഭ ഓഹരി വിൽപനയ്ക്കാനുള്ള രേഖകൾ സെബിയിൽ സമർപ്പിച്ചു.

പ്രാരംഭ ഓഹരി വിൽപനയിലൂടെ വിപണിയിൽ നിന്ന് 7,000 കോടി സമാഹരിക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യയിൽ രണ്ട് ഉത്പാദന കേന്ദ്രങ്ങളുള്ള ഹ്യുണ്ടായ് 500 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തിയിട്ടുണ്ട്. 10 വർഷത്തിനുള്ളിൽ 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ‌ഏറ്റവുമധികം വരുമാനവും ഇവിടെ നിന്നാണ്. ബജാജ് ഹൗസിംഗ് ഫിനാൻസിൽ ബജാജ് ഫിനാൻസിനുള്ള ഓഹരികൾ വിറ്റഴിച്ച് 3,000 കോടി രൂപയും പുതിയ ഓഹരികൾ പുറത്തിറക്കി 4,000 കോടി രൂപയും സമാഹരിക്കും.