സിംഗപ്പൂര്‍: യശ:ശരീരനായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ ജീവിത ആദര്‍ശങ്ങളും കാഴ്ച്ചപ്പാടുകളും മാതൃകയാക്കിക്കൊണ്ട് സ്നേഹവും പരസ്പരസാഹോദര്യവും കൈമുതലായുള്ള ഒരു “വിശ്വജനത” യുടെ സഫലീകരണത്തിനായി സിംഗപ്പൂരില്‍ അബ്ദുള്‍കലാം വിഷന്‍ സൊസൈറ്റി രൂപീകൃതമായി.
ഇന്നലെ പിജിപി ഹാളില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ ബഹുമാനപ്പെട്ട സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ശ്രീ ജാവേദ് അഷ്‌റഫ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്രീ കലാമിന്‍റെ ഉപദേഷ്ടാവും ടെക്നിക്കല്‍ ഇന്റര്ഫേസ് ഡയറക്റ്ററുമായിരുന്ന ശ്രീ പൊന്‍രാജ്, മലേഷ്യയിലെ മുന്‍ സിംഗപ്പൂര്‍ അംബാസഡര്‍ ശ്രീ കെ കേശവപാണി എന്നിവരും സന്നിഹിതരായിരുന്നു.
ശ്രീ കെ കേശവപാണി അധ്യക്ഷനായ സൊസൈറ്റിയുടെ മറ്റു ഭാരവാഹികള്‍, ശ്രീ ആര്‍ കലാമോഹന്‍, ശ്രീ അമീര്‍അലി അബ്ദ്യാലി (വൈസ് പ്രസിഡന്റ്), ശ്രീ പെരുമാള്‍ അരുമൈ ചന്ദ്രന്‍ (സെക്രട്രരി), ശ്രീ ജോണ്‍ രാമമൂര്‍ത്തി (അസി: സെക്രട്രരി), ശ്രീ ജോതി മാണിക്കവാസഗം (ട്രഷറര്‍), ശ്രീ കാളിയപ്പന്‍ മുരുഗന്‍ (അസി: ട്രഷറര്‍) എന്നിവരാണ്.
ആഗോളതലത്തില്‍ ഉത്തമ പൗരന്മാരെ സൃഷ്ട്ടിക്കാന്‍ ഉതകുന്ന തരത്തിലുള്ള സാംസ്കാരിക-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സൊസൈറ്റിയുടെ ഭാവി പരിപാടികളെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുട്ടികളെ എന്നും “രാഷ്ട്രീയ മുതല്‍ക്കൂട്ടായി” കണ്ടിരുന്ന അബ്ദുള്‍ കലാമിന്‍റെ ചിന്തകളെ മാനിച്ച് അവരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ ഫൈന്‍ആര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത സിനിമാപിന്നണിഗായികയും “ഗായത്രിവീണ” വിദഗ്ദ്ധയുമായ വൈക്കം വിജയലക്ഷ്മിയുടെ സംഗീതവിരുന്നും അരങ്ങേറി.