ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വിമാനസര്‍വീസുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

1

സിംഗപ്പൂര്‍ എയര്‍്‌ലൈന്‍സ് രണ്ടു മെട്രോപൊളിറ്റന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍ വ്വീസ്  ആരംഭിക്കുന്നു. എയര്‍ബസ് എ350-900 യു എല്‍ ആര്‍(അള്‍ട്രാ ലോംഗ് റേഞ്ച്) ആണ് സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് സര്‍ വ്വീസ് നടത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുക.ഏകദേശം 20 മണിക്കൂറോളം നിര്‍ത്താതെയുള്ള ആകാശയാത്രയാണിത്‌.

ഈ വര്‍ഷം അവസാനത്തോടെ ഈ വിമാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമാകും. നിലവില്‍ നാല് എന്‍ജിനുകളുള്ള എ340-500 വിമാനമാണ് എയര്‍ലൈന്‍സ് നോണ്‍ സ്‌റ്റോപ്പ് സര്‍വ്വീസിന് ഉപയോഗിച്ചിരുന്നത്. 100 ബിസിനസ് ക്ലാസ് സീറ്റുകള്‍ മാത്രമുള്ള ഈ സര്‍വ്വീസ് 2013-ല്‍ ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ എയര്‍ബസിന്റെ 67 വൈഡ് ബോഡി എ350-900 വിമാനങ്ങള്‍ വാങ്ങാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു.

ഇതില്‍ 21 എണ്ണം വൈകാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഭാഗമാകും. ഓര്‍ഡര്‍ ചെയ്തവയില്‍ ഏഴ് യു എല്‍ ആര്‍ വിമാനങ്ങളും ഉള്‍പ്പെടും.യു എല്‍ ആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ തിങ്കളാഴ്ച ഫ്രാന്‍സിലെ ടുളോസില്‍ നടത്തി. അഞ്ചു മണിക്കൂറോളം പരീക്ഷണപ്പറക്കല്‍ നടത്തിയ യു എല്‍ ആര്‍ വിമാനത്തിന് 11,160 മൈല്‍ (ഏകദേശം 17,950 കിലോമീറ്റര്‍) പറക്കാനുള്ള ശേഷിയുണ്ട്. സ്റ്റാന്‍ഡാര്‍ഡ് എ-350 വിമാനത്തേക്കാള്‍ 1,800 മൈല്‍ കൂടുതല്‍ സഞ്ചരിക്കാന്‍ യു എല്‍ ആറിനു കഴിയും. അങ്ങനെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വ്യോമപാത സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കിരീടത്തിലെ പൊന്‍ തൂവലാകും.