ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി സിംഗപ്പുർ എയർലൈൻസ്. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളെ തിരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞവർഷത്തെ ഒന്നാം സ്ഥാനക്കാരായ എമിറേറ്റ്‌സിന് ഇക്കുറി മൂന്നാം സ്ഥാനമേയുള്ളൂ. എയർ ന്യൂസീലൻഡിനാണ് രണ്ടാം സ്ഥാനം.
ഫസ്റ്റ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നീ വിഭാഗങ്ങളിൽ മികച്ച സൗകര്യങ്ങളും സിംഗപ്പുർ എയർലൈൻസിലാണെന്ന് ട്രിപ്പ് അഡൈ്വസർ യാത്രക്കാർ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗപ്പുർ എയർലൈൻസ് ഒന്നാം സ്ഥാനത്തു എത്തിയതും.
തായ്‌ലൻഡ് ഇവ എയർ, അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലൈൻസ്, ബ്രിട്ടനിലെ ജെറ്റ്2 ഡോട്ട് കോം, ഖത്തർ എയർവെയ്‌സ്, ബ്‌സീലിലെ അസൂൾ എയർലൈൻസ്, കൊറിയൻ എയർ എന്നിവയാണ് ആദ്യപത്തിലെ മറ്റ് കമ്പനികൾ. ലോകത്തെ എല്ലാ വിമാനങ്ങളിലെയും യാത്രക്കാരെ കോർത്തിണക്കിക്കൊണ്ടാണ് ട്രിപ്പ് അഡൈ്വസർ ഈ വോട്ടെടുപ്പ് നടത്തുന്നത്. യാത്രാനുഭവങ്ങൾ പങ്കുവെച്ച് അതിലൂടെയാണ് റാങ്കിങ് നടത്തുന്നത്.
സീറ്റ് കംഫർട്ട്, ലെഗ്‌റൂം, ജീവനക്കാരുടെ പെരുമാറ്റം, ചെലവാക്കുന്ന പണത്തിന് കിട്ടുന്ന മൂല്യം, വൃത്തി, ചെക്ക്-ഇൻ, ബോർഡിങ്, ഭക്ഷണം, മദ്യം, ഫ്‌ളൈറ്റിലെ ആകെ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടെടുപ്പ്. ആകെ ലഭിക്കുന്ന റേറ്റിങ്ങിന്റെ അടിസഥാനത്തിലാണ് മികച്ച കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ഓരോ മേഖലയിലെയും മികച്ച വിമാനക്കമ്പനികളെയും ഇതേ രീതിയിൽ തിരഞ്ഞെടുത്തിട്ടുണ്ട്.
യൂറോപ്പിലെ വിമാനക്കമ്പനികളെ മാത്രം പരിഗണിക്കുമ്പോൾ വിർജിൻ അറ്റ്‌ലാന്റിക്കാണ് ഒന്നാം സ്ഥാനത്ത്. ലോകത്തെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് യാത്ര സിംഗപ്പുർ എയർലൈൻസിലേതാണ്. ഇക്കോണമി ക്ലാസിലും സിംഗപ്പുർ തന്നെയാണ് മുന്നിൽ. മികച്ച ബിസിനസ് ക്ലാസ് യാത്ര ഖത്തർ എയർവേസിലും പ്രീമിയം ഇക്കോണമി എയർ ന്യൂസീലൻഡിലുമാണെന്നും ട്രിപ്പ് അഡൈ്വസർ പറയുന്നു.