സിംഗപ്പൂര്‍ : 2018-ലേക്കുള്ള ബജറ്റ് സിംഗപ്പൂര്‍ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.വലിയ നികുതി വര്‍ധനവിന്റെ ആഘാതമേല്പ്പിക്കാതെ കടന്നുപോയ ഈ വര്‍ഷത്തെ ബജറ്റിന് പൊതുവേ സമ്മിശ്രപ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് .ഏകദേശം 10 ബില്ല്യണ്‍ ഡോളര്‍ കഴിഞ്ഞ വര്‍ഷം മിച്ചം പിടിക്കാനായതാണ് ഏറ്റവും പ്രധാനമായ വാര്‍ത്ത.സിംഗപ്പൂര്‍ പ്രതീച്ചതിലും ജി.ഡി.പി വളര്‍ച്ചയുണ്ടായതും ,റിയാല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ അതികനികുതി വരുമാനവും കൂടുതല്‍ ആദായം ഉണ്ടാക്കുകയും ,ആരോഗ്യ മേഘലയില്‍ ചെലവഴിച്ച തുക പ്രതീക്ഷിച്ചതിലും കുറഞ്ഞതുമാണ് 1000 കോടി ഡോളര്‍ നീക്കിയിരിപ്പ് സിംഗപ്പൂരിന് ഉണ്ടാക്കിക്കൊടുത്തത്.
ഇതിന്‍റെ ഭാഗമായി പിരിച്ചെടുത്ത നികുതിയുടെ ഒരു ഭാഗം ബോണസായി സിംഗപ്പൂര്‍ പൌരന്മാര്‍ക്ക് നല്‍കിക്കൊണ്ടാണ് ഈ സന്തോഷം സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.വാര്‍ഷികവരുമാനം 28,000 ഡോളര്‍ വരെയുള്ളവര്‍ക്ക് 300 ഡോളര്‍ ബോണസ് നല്‍കുമ്പോള്‍ 100.000 ഡോളറിനു മുകളില്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 100 ഡോളര്‍ ബോണസായി ലഭിക്കും.വര്‍ധിച്ചുവരുന്ന ജീവിതചെലവിനിടയില്‍ ജനങ്ങള്‍ക്ക് ചെറിയതോതിലൊരു ആശ്വാസം ഈ ബോണസ് നല്‍കുന്നു.എന്നാല്‍ സിംഗപ്പൂരിലെ പെര്‍മനെന്റ് റെസിടെന്റ് ,മറ്റ് പെര്‍മിറ്റുകളില്‍ ജോലിചെയ്യുന്ന വിദേശീയര്‍ക്കൊന്നും ഈ ബോണസ് ലഭിക്കുകയില്ല.
15,000 രൂപവരെ ബോണസ് സര്‍ക്കാര്‍ നല്‍കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുന്നതിനുമുന്പേ ഇതൊരു വലിയ തുകയാണോ സിംഗപ്പൂരില്‍ എന്ന് പരിശോധിക്കാം.സിംഗപ്പൂരിലെ ശരാശരി ഒരു കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 8,846 ഡോളറാണ്.രണ്ടുപേര്‍ ജോലിചെയ്യുന്ന ഒരു കുടുംബത്തിന്റെ വരുമാനമാണ് ഈ തുകയെന്നു സങ്കല്‍പ്പിച്ചാല്‍ ഈ ബജറ്റ് പ്രകാരം ഒരാള്‍ക്ക് 200 ഡോളര്‍ ബോണസ് ലഭിക്കും.അതായതു ഒരു കുടുംബത്തിനു ലഭിക്കുന്ന ബോണസ് 400 ഡോളര്‍.ഇതവരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ 4.52% ശതമാനം മാത്രമാണ്.അതായതു അവരുടെ ഒരു ദിവസത്തെ ശമ്പളത്തിന് തുല്യമായ തുക.ഇതേ രീതിയില്‍ ഇന്ത്യയില്‍ ഒരു ബോണസ് നല്‍കുകയാണെങ്കില്‍ കിട്ടുന്ന തുകയെടുത്താല്‍ കണക്കുകള്‍ കുറച്ചുകൂടി വ്യക്തമാകും.ഇന്ത്യയിലെ ഒരു കുടുംബത്തിന്റെ ശരാശരി വരുമാനം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9,315 രൂപയാണ് .ഇത്തരത്തില്‍ 4.52% ബോണസ് വഴി ഇന്ത്യയില്‍ കൊടുത്താല്‍ ഒരു കുടുംബത്തിന് ലഭിക്കുന്ന തുക 421 രൂപ മാത്രമായിരിക്കും.അതായത് ഒരു ദിവസത്തെ വരുമാനത്തിന് തുല്യമായ തുക.421 രൂപ സര്‍ക്കാരില്‍ നിന്ന് ബോണസായി ലഭിച്ചാല്‍ ഒരു ഇന്ത്യന്‍ കുടുംബത്തിനു എത്രമാത്രം സന്തോഷമുണ്ടാകുമോ അതിനു തുല്യമായ ആഹ്ലാദം മാത്രമാണ് സിംഗപ്പൂര്‍ ജനതയിലും ഈ ബോണസ് ഉണ്ടാക്കുന്നത്.
ബോണസ് വിതരണം കഴിഞ്ഞ് മിച്ച ബജറ്റില്‍ ബാക്കിയുള്ള പണം റയില്‍വെ വികസനത്തിനാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. കൂടാതെ സബ്‌സിഡികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കും ഇതില്‍ നിന്ന് പണം കണ്ടെത്തും.
കൂടാതെ ജി.എസ്.റ്ടി 2021 മുതല്‍ 2025 വരെയുള്ള കാലയളവിലായി 9% വരെയായി ഉയര്‍ത്തും.ഇപ്പോഴിത് 7% മാത്രമാണ്.എന്നാല്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വരുമാനം കുറവുള്ളവര്‍ക്ക് ജി.എസ്.ടി വൌച്ചറുകള്‍ നല്‍കാനായി 2ബില്ല്യന്‍ ഡോളര്‍ നീക്കിവെയ്ക്കും.കൂടാതെ ഇ-സര്‍വീസുകള്‍ക്ക് 2020 മുതല്‍ ജി.എസ്.ടി നല്‍കേണ്ടിവരുമെന്നതാണ് സുപ്രധാനമായ നീക്കം.ഓണലൈന്‍ വഴി വാങ്ങുന്ന സോഫ്റ്റ്‌വെയര്‍,ഡൌണ്‍ലോഡ് ചെയ്യുന്ന പാട്ടുകള്‍ എന്നിവയ്ക്കെല്ലാം നികുതി നല്‍കേണ്ടിവരും.
1 മില്ല്യന്‍ ഡോളറിനു മുകളിലുള്ള വസ്തു വാങ്ങുന്നവര്‍ക്ക് 3% ആയിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇനിമുതല്‍ 4% ആയിരിക്കും.തിങ്കളാഴ്ച മുതല്‍ പുകയില വസ്തുക്കളുടെ എക്സൈസ് ഡ്യൂട്ടി 10% വര്‍ധിപ്പിക്കും.കൂടാതെ സിംഗപ്പൂര്‍ പൌരന്മാരുടെ ശമ്പള വര്‍ധനവിനെ സഹായിക്കാനായി കമ്പനികള്‍ക്ക് 800 മില്ല്യന്‍ ഡോളര്‍ നല്‍കും.
ഷിപ്പിംഗ് ,പ്രൊസസ് മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് വേണ്ടി കമ്പനികള്‍ നല്‍കേണ്ട ലെവി അടുത്ത ഒരു വര്‍ഷത്തേക്ക് ഒഴിവാക്കും . ഈ മേഖലയില്‍ സിംഗപ്പൂര്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഈ തീരുമാനം.ഗവേഷണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ബജറ്റില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.ഇതിനായി കമ്പനികളെ സഹായിക്കുന്നതിനായി തുക നീക്കിവെയ്ക്കുകയും ചെയ്തു.കൂടാതെ കാര്‍ബണ്‍ ടാക്സ് നിലവില്‍ വരുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട് .
വീട്ടുജോലിക്കായി ആളുകളെ നിര്‍ത്തുന്നവര്‍ നല്‍കേണ്ട ലെവി 400 ഡോളറായി ഉയര്‍ത്തി.365 ഡോളറില്‍ നിന്നാണ് പുതിയ ലെവി ഉയര്‍ത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നീക്കിയിരുപ്പ് ഉണ്ടായിരുന്നെങ്കിലും എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 5, സിംഗപ്പൂര്‍ മലേഷ്യ ഹൈ സ്പീഡ് റെയില്‍ തുടങ്ങിയ വന്‍ പദ്ധതിക്ക് വേണ്ട തുക സര്‍ക്കാര്‍ കമ്പനികളില്‍ നിന്നും സ്റ്റാറ്റുട്ടറി ബോര്‍ഡില്‍ നിന്നും ലോണ്‍ എടുക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ടെര്‍മിനല്‍ 5 പണിയുവാന്‍ മാത്രമായി 10 ബില്ല്യന്‍ ഡോളറിലധികം തുക വേണ്ടിവരുമെന്നാണ് ചാങ്ങി എയര്‍പോര്‍ട്ട് ഗ്രൂപ്പിന്‍റെ കണക്കുകൂട്ടലുകള്‍,കഴിഞ്ഞ വര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ ന്നീക്കിയിരിപ്പ് ഉണ്ടായിരുന്നെങ്കിലും 2018-ലെ ബജറ്റ് 0.6 ബില്ല്യന്‍ ഡോളറിന്റെ കമ്മി ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
പൊതുവേ സിംഗപ്പൂര്‍ പൌരന്മാര്‍ക്കും അതേപോലെ വിദേശീയര്‍ക്കും വലിയ ആഘാതം നല്‍കാതെയാണ് 2018 വര്‍ഷത്തെ ബജറ്റ് കടന്നുപോകുന്നത്.