ഹൈദരാബാദ്: ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമെന്ന അപൂർവ നേട്ടം സ്വന്തമാക്കാൻ ബ്രിട്ടീഷ് ശതകോടീശ്വരനും വിർജിൻ ഗാലക്റ്റിക് ഉടമയുമായ റിച്ചാർഡ് ബ്രാൻസൺ തയാറെടുക്കുമ്പോൾ ഇവരോടൊപ്പം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകാൻ സിരിഷ ബാൻഡ്‌ല (34) ഒരുങ്ങുന്നു. വിർജിൻ ഗാലക്റ്റിക്കിന്റെ യൂണിറ്റി-22 എന്നു പേരിട്ടിരിക്കുന്ന പരീക്ഷണപ്പറക്കലിൽ മറ്റ് അഞ്ച് പേർക്കൊപ്പം താൻ ബഹിരാകാശത്തേക്കുപോകുന്ന വിവരം കഴിഞ്ഞദിവസമാണ് ബ്രാൻസൺ പ്രഖ്യാപിച്ചത്.
ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തിലുൾപ്പെട്ട സിരിഷ ആന്ധ്രയിലെ ഗുണ്ടൂരിലാണു ജനിച്ചത്. ഇന്ത്യയിൽനിന്ന് അവർ പിന്നീട് യു.എസിലെ ഹൂസ്റ്റണിലേക്ക് കുടിയേറുകയായിരുന്നു. ബ്രാൻസണിന്റെ ഉടമസ്ഥതയിലുള്ള വിർജിൻ ഗാലക്റ്റിക്കിന്റെ സർക്കാർ കാര്യ ഗവേഷണ ദൗത്യങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് കൂടിയാണ് അവർ.
ദൗത്യത്തിലെ നാലാംനമ്പർ യാത്രികയാണ് വി.എസ്.എസ്. യൂണിറ്റി വാഹനത്തിലാണ് ആറംഗസംഘം ബഹിരാകാശത്തിലെത്തുക. ജൂലായ് 11-നാകും യാത്ര. 11 സെക്കറ്റ് മാത്രം നീണ്ടു നില്ക്കുന്നതാകും ബ്രാൻസന്റെ ആദ്യ ബഹിരാകാശ യാത്ര. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ബഹിരാകാശത്തെത്തിയ ഇന്ത്യൻ വംശജരായ വനിതകൾ.
ശതകോടീശ്വരനായ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് കഴിഞ്ഞ മാസം ബഹിരാകാശ യാത്രക്ക് പുറപ്പെടുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബെസോസ് നിശ്ചയിച്ച തിയ്യതിക്ക് ഒൻപത് ദിവസം മുമ്പാണ് വിര്‍ജിന്‍ ഗാലക്ടിക് ദൗത്യം ആരംഭിക്കുക. ട്വിറ്ററിൽ വിർജിൻ ഗാലക്ടിക് പങ്കുവെച്ച യാത്രാസംഘത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്‌തുകൊണ്ട് ബന്ദ്‌ല ഈ ദൗത്യത്തിന്റെ ഭാഗമാകുന്നതിലൂടെ ഒരു അവിശ്വസനീയമായ ബഹുമതിയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് കുറിച്ചു. നിരവധി പേരാണ് സിരിഷയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.