കഴിഞ്ഞ ഓണക്കാലം മുതൽ മലയാളികൾ അറിയാതെ മൂളി നടന്ന വരികളാണ് ‘ഓണമാണ് വീണ്ടുമോണമാണ്’ എന്നത്. കവിപ്രസാദ് ഗോപിനാഥ്, വിദ്യാധരൻ മാസ്റ്റർ, ഹരി.എം.മോഹനൻ എന്നിവർ ചേർന്നൊരുക്കിയ ‘ഓണമാണ്’ എന്ന ആ സംഗീതചിത്രം വളരെപ്പെട്ടെന്നായിരുന്നു വൈറലായത്. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിന്റെ വേദനകൾ വരച്ചു കാട്ടിയ ഗാനം ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ആരെയും പിടിച്ചിരുത്തുന്ന വരികളും മാന്ത്രിക സംഗീതവും സംവിധാനമികവുമെല്ലാം കൂടിച്ചേർന്നപ്പോൾ അത് എക്കാലത്തെയും മികച്ച ഒരു ഓണപ്പാട്ടായി മാറി.
ഓണപ്പാട്ടുകളുടെ പതിവു ചിട്ടകളെല്ലാം പൂർണ്ണമായും തെറ്റിച്ചു കൊണ്ട് കവി വർത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളെ പകർത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. “വേണമായുസ്സെന്ന തോന്നലാണ്“ എന്ന ഒരൊറ്റ വരി കൊണ്ടു തന്നെ ഒരു സാധാരണ മനുഷ്യന്റെ വ്യഥയുടെ ആഴവും പരപ്പും പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിടത്താണ് ആ പ്രതിഭയുടെ ഉൾക്കരുത്തു വ്യക്തമാകുന്നത്. “പേരിനു മാത്രം കിടക്കുന്ന പ്രാണന് പേരക്കിടാങ്ങൾ മരുന്നാണ്“ എന്ന തുടർവരികൾ സൃഷ്ടിച്ച വിസ്മയം ഇനിയങ്ങോട്ട് എക്കാലവും ആസ്വാദകമനസ്സുകളിൽ നിലനിൽക്കുമെന്നു തീർച്ച.
ഈ വർഷമാകട്ടെ ‘ഓണമായി’ എന്ന പേരിൽ വളരെ പോസിറ്റീവായ ഒരു മൂഡിലുള്ള, ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന, ഒരു ഗാനവുമായാണ് കവിപ്രസാദ് എത്തിയിരിക്കുന്നത്. “അങ്ങു കിഴക്കേ മാമല മേട്ടിൽ ചിങ്ങവെയിൽ തല നീട്ടുമ്പോൾ” എന്നാരംഭിക്കുന്ന പാട്ടിൽ, ഓണക്കാല ദൃശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി ഒരു മാലയിലെന്നോണം കോർത്തിട്ടിരിക്കുന്നു. ശ്രദ്ധേയങ്ങളായ ഓണപ്പാട്ടുകൾ മുമ്പും സമ്മാനിച്ചിട്ടുള്ള യുവസംഗീതസംവിധായകൻ എസ്.ആർ. സൂരജാണ് ഈണമിട്ടിരിക്കുന്നത്. സിതാരകൃഷ്ണകുമാറും അരുൺ ജി.എസും ചേർന്നാണ് ഈ യുഗ്മഗാനം ആലപിച്ചിട്ടുള്ളത്. യുവഗായിക ഹരിത ഹരീഷ് ആലപിച്ച ഒരു സോളോ വേർഷനും പുറത്തിറങ്ങിയിട്ടുണ്ട്.