ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ അമ്മയ്ക്കും പരുക്കേറ്റു. റിയാസിന്റെ അമ്മ സഫിയയുടെ സഹോദരീ ഭർത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
കുടുംബവഴക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.