കോട്ടയം: മറിയപ്പള്ളിയില്‍നിന്ന് കണ്ടെത്തിയ അസ്ഥികൂടം കാണാതായ വൈക്കം സ്വദേശിയുടേതെന്ന് സൂചന. ജൂണ്‍ മൂന്നിനാണ് വൈക്കം വെച്ചൂര്‍ സ്വദേശി ജിഷ്ണു ഹരിദാസിനെ കാണാതായത്. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും ചെരിപ്പും മറ്റും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ അല്പസമയത്തിനകം പോസ്റ്റുമോര്‍ട്ടം ചെയ്യും.
ഇന്നലെ രാവിലെ ഒൻപതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു.
മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ ധരിച്ച ഷർട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീൻസിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാർ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാൽ ഗന്ധം പുറത്തറിഞ്ഞില്ല. ഫൊറൻസിക് സംഘവും തെളിവു ശേഖരിച്ചു.
കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ ജൂണ്‍ മൂന്നാം തീയതി മുതലാണ് കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ജിഷ്ണുവിന്റെതാണെന്ന് ഏകദേശം ഉറപ്പിച്ചതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍ കഞ്ചാവ് സംഘങ്ങള്‍ തമ്പടിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മറ്റാരും ഇവിടെ കടക്കാറില്ല.