വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍സ് കമ്പനി അന്വേഷണം ആരംഭിച്ചു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍എക്‌സ്പ്രസ് എയര്‍ലൈന്‍സ് കമ്പനിയുടെ വിമാനത്തിലാണ് പാമ്പിന്റെ തല വിളമ്പിയത്. ഭക്ഷണത്തില്‍ പാമ്പ് തല കണ്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയായിരുന്നു.
തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം നടന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങിനും മറ്റ് പച്ചക്കറികള്‍ക്കുമിടയില്‍ നിന്നുമാണ് പാമ്പിന്റെ തല കണ്ടെത്തിയതെന്ന് ഏവിയേഷന്‍ ബ്ലോഗ് ഉദ്ധരിച്ച് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണത്തില്‍ നിന്നും പാമ്പിന്‍ തല ലഭിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല എങ്ങനെ വന്നു എന്ന് എയര്‍ലൈന്‍ കമ്പനി വിശദമായി അന്വേഷിച്ചുവരികയാണ്. ഭക്ഷ്യ വിതരണക്കാരനുമായി തങ്ങള്‍ കരാര്‍ അവസാനിപ്പിച്ചെന്നും കമ്പനി അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഭക്ഷണം 280 ഡിഗ്രി വേവിച്ചതാണെന്നും അധികം വേവാത്ത ഈ പാമ്പിന്റെ മാംസം ഭക്ഷണത്തില്‍ ആരോ പിന്നീട് ചേര്‍ത്തതാണെന്നും കരാര്‍ കമ്പനിയായ സാന്‍കാക്ക് അറിയിച്ചു.