കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍; നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യപിച്ചു

0

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. കഴക്കൂട്ടത്തെക്കൂടാതെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ഇതോടെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പൂർണമായി.

കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പിന്മാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ത്ഥി.

സംവരണമണ്ഡലമായ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറ മത്സരിക്കും. മാനന്തവാടിയിൽ നേരത്തേ മണിക്കുട്ടൻ എന്ന സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും, തന്‍റെ സമ്മതത്തോടെയല്ല ഈ പ്രഖ്യാപനമെന്നും, പിൻമാറുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കിയതോടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കുകയായിരുന്നു ബിജെപി.

ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. എന്നാല്‍, നിലവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.