ഇന്നലെ വരെ ’25 പപ്പടം ഇരുപത് രൂപ’ എന്നു തൊണ്ട പൊട്ടി വിളിച്ചു; ഇന്ന് പപ്പട അമ്മുമ്മ സോഷ്യല്‍ മീഡിയയിലെ താരം

0

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ ഷെയര്‍ ചെയ്തൊരു വീഡിയോ ഉണ്ട്. കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നുന്ന ഒരു പാവം അമ്മുമ്മ ജീവിക്കാന്‍ വേണ്ടി ചാല മാര്‍ക്കെറ്റില്‍ ഇരുന്നു പപ്പടം വില്‍ക്കുന്നതാണ് ആ വീഡിയോയിലുള്ളത്. 

77 വയസ്സുള്ള ആ പാവം അമ്മ ജീവിക്കാന്‍ വേണ്ടിയാണ് ഈ പ്രായത്തിനും ഇങ്ങനെ കഷ്ടപ്പെടുന്നത്. തിരുവനന്തപുരം ചാല മാർക്കറ്റിൽ കൊടും വെയിലത്തിരുന്ന്  ‘25 പപ്പടം ഇരുപത് രൂപ’ എന്നു തൊണ്ട പൊട്ടി വിളിച്ചു പറയുന്ന അമ്മുമ്മയെ സോഷ്യല്‍ മീഡിയ വൈകാതെ ഏറ്റെടുത്തു.

തിരുവനന്തപുരം ആറ്റിങ്ങൽ ക്ഷേത്രത്തിനടുത്താണ് നാട്ടുകാർ ‘പപ്പട അമ്മൂമ്മ’ എന്നു സ്നേഹത്തോടെ വിളിക്കുന്ന വസുമതി അമ്മയുടെ വീട്.  എൺപത്തിയേഴ് വയസ്സുള്ള വസുമതിയമ്മ കഴിഞ്ഞ 40 വർഷമായി തിരുവനന്തപുരം ചാല മാർക്കറ്റിലും പരിസരത്തും പപ്പടം വിൽക്കുന്നു. ‘എനിക്ക് 45 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. 8 മക്കളെ വളർത്തുന്നതിനായി വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പപ്പട കച്ചവടം തുടക്കുന്നത്’’ വസുമതിയമ്മ പറയുന്നു. അഞ്ചു പെണ്ണും ഒരാണുമാണ് അമ്മുമ്മയ്ക്കുള്ളത്. രണ്ടു മക്കള്‍ മരിച്ചു. ഇപ്പോള്‍ ഭർത്താവ് മരിച്ചു പോയ ഒരു മകൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് വസുമതിയമ്മയുടെ താമസം.

എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അമ്മുമ്മയെ കാണാനും പരിചയപ്പെടാനും ധാരാളം പേര്‍ എത്തുന്നുണ്ട്. അമ്മുമ്മയുടെ കഥ അറിഞ്ഞ ഒരു ഹോട്ടല്‍ ഉടമ അമ്മുമ്മയുടെ കൈയ്യില്‍ നിന്നും ദിവസവും പപ്പടം വാങ്ങാമെന്നും വാക്ക് നല്‍കിയിട്ടുണ്ട്.