കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 40,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യവസായിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് കസബ പോലീസിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കേസിൽ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്.
ക്വാറന്‍റീനിലായതിനാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്ന് ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കുളള ശിക്ഷ പിന്നീട് വിധിക്കും. അതേസമയം, മൂന്നാം പ്രതിയും സരിതയുടെയും ബിജുവിന്‍റെയും ഡ്രൈവറുമായ മണിമോനെ കോടതി വെറുതെ വിട്ടു. തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതായി മണിമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2013ല്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്. കുറ്റകരമായ വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, ചതിയിലൂടെ പണം കൈക്കലാക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി പ്രൊസിക്യൂഷന് തെളിയിക്കാനായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ കെ നിമ്മി സരിതയെ കഠിന തടവിന് ശിക്ഷിച്ചത്.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പണം നഷ്ടപ്പെട്ട അബ്ദുള്‍ മജീദ് പ്രതികരിച്ചു. വിചാരണ നടപടികളില്‍ നിന്ന് വിട്ടു നിന്ന സരിതയെ കോടതി നിര്‍ദ്ദേശ പ്രകാരം കസബ പൊലീസ് അറസ്റ്റ് ചെയ്തായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ സരിത ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്.