പിതാവിന്റെ ചെയ്തികള്‍ക്ക് മാപ്പ് ചോദിച്ച് ലാദന്റെ മകന്‍

1

ജറുസലേം: അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദന്റെ മകന്‍ ഭാര്യക്കൊപ്പം ഇസ്രായേല്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. പിതാവിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒസാമയുടെ മകന്‍ ഒമര്‍ ബിന്‍ലാദന്‍ ലോകത്തോട്‌ ക്ഷമ ചോദിക്കുകയും ചെയ്തു.

ഒസാമയ്ക്ക് ശേഷം അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളാണ് ഒമര്‍ ബിന്‍ലാദന്‍. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും ഒമര്‍ വെളിപ്പെടുത്തി. ഒമറിന്റെ സന്ദര്‍ശനം സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ പിതാവ് കാരണം നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി.

അതിലെ ക്രൂരത എനിക്ക് ബോധ്യപ്പെട്ടുവെന്നും ഒമര്‍ പറയുന്നു. ‘എന്റെ പിതാവ് തന്റെ മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ ശത്രുക്കളെ വെറുത്തു. പാഴാക്കിയ ജീവിതത്തെ കുറിച്ച് എനിക്ക് ജാള്യത തോന്നി’ ഒസാമയുടെ നാലാമത്തെ മകനായ ഒമര്‍ പറഞ്ഞു. തന്നോടും സഹോദരങ്ങളോടും രക്തസാക്ഷികളാവാന്‍ പിതാവ് ആവശ്യപ്പെട്ടു. അങ്ങനെ മനസ്സുമടുത്താണ് അഫ്ഗാന്‍ വിട്ടതെന്ന്‌ ഒമര്‍ ഒരു ഇസ്രായേലി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൗദി അറേബ്യയിലും അഫ്ഗാനിസ്താനിലുമായി കഴിഞ്ഞ ഒമര്‍ നിലവില്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയിലാണ് ജീവിക്കുന്നത്. പേരിനൊപ്പമുള്ള കുടുംബ പേര് ഒരുപാട് തനിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അറബ് ലോകത്തെന്നും ഒമര്‍ പറഞ്ഞു.

യുഎസ് സന്ദര്‍ശിക്കുന്നതും തന്റെ സ്വപ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യുഎസ് സന്ദര്‍ശിക്കാന്‍ താന്‍ യോഗ്യനാണെങ്കില്‍ ഒരു ദിവസമെങ്കിലും അവിടെ പോകണമെന്നുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡനിരിക്കുമ്പോള്‍ തനിക്ക് അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡന്‍ എല്ലാവരേയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും സമാധാനവും നന്മയും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു. അവര്‍ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ജൂതരോ എന്നത് എനിക്ക് പ്രശ്‌നവുമല്ല.

‘എന്റെ ഭാര്യയുടെ അമ്മയുടെ കുടുംബം ജൂതന്മാരാണ്. അവര്‍ തനി ഇസ്രായേലുകാരാണ്. ഒരു ദിവസം ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാകും. ഇസ്രായേലി സര്‍വകലാശകളില്‍ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നതിന് എന്റെ ഭാര്യ സിനക്ക് ഒരു ഓഫര്‍ ലഭിച്ചു’ഒമര്‍ ബിന്‍ലാദന്‍ പറഞ്ഞു.