മാഡ്രിഡ്: അമ്മയെ കൊനിന്നുതിന്ന കേസിൽ സ്പാനിഷ് പൗരൻ ആൽബർട്ടോ സാഞ്ചസ് ഗോമെസിന് (28) കോടതി 15 കൊല്ലം തടവുശിക്ഷ വിധിച്ചു. കിഴക്കൻ മാഡ്രിഡിൽ 2019-ലാണ് ആൽബർട്ടോ അറുപതുവയസ്സുള്ള അമ്മ മരിയ സോളേഡാഡ് ഗോമസിനെ കഴുത്തുഞെരിച്ച് കൊന്നത്. പിന്നീട് ശരീരഭാഗങ്ങൾ മുറിച്ച് പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച് ആഹാരമാക്കി.
വളർത്തുനായക്കും ഈ മാംസം കഴിക്കാൻ നൽകി. മരിയയുടെ സുഹൃത്തിന്റെ സംശയത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആൽബർട്ടോ അറസ്റ്റിലായത്.
സംഭവ സമയം ആൽബർട്ടോ മനോരോഗ ചികിത്സയിലായിരുന്നെന്ന വാദം കോടതി അംഗീകരിച്ചില്ല. ആൽബർട്ടോ സ്ഥിരമായി അമ്മയോട് കലഹിക്കാറുണ്ടെന്നും പോലീസ് പലതവണ താക്കീത് നൽകിയിരുന്നെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
15 വർഷത്തെ ജയിൽശിക്ഷയ്ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് അഞ്ചുമാസം അധികതടവും ഇയാൾ അനുഭവിക്കണം. കൂടാതെ, സഹോദരന് നഷ്ടപരിഹാരമായി 73,000 ഡോളർ നൽകാനും കോടതി വിധിച്ചു.