ഓൺലൈനിൽ പോൺ കാണുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്

0

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാൻ കേരള പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ആരംഭിക്കും. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം വരുന്നു. പേരൂര്‍ക്കടയില്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തിനു സമീപത്തെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേര്‍ന്ന് 26ന് രാവിലെ 9.30നു ഉദ്ഘാടനം ചെയ്യും.

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരാണുണ്ടാവുക. എഡിജിപി മനോജ് എബ്രഹാം ആണ് സംസ്ഥാനതല നോഡല്‍ ഓഫീസര്‍. 70 ഉദ്യോഗസ്ഥരാണ് ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ 2019 മാര്‍ച്ചില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയ ശേഷം ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 42 പേരെ അറസ്റ്റു ചെയ്യുകയും 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

കേരളത്തിലൊട്ടാകെ 210 സ്ഥലങ്ങളില്‍ പരിശോധന നടത്തി.ഇന്‍റര്‍പോള്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മുതലായ ഏജന്‍സികളുമായി ചേര്‍ന്നാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം. കൂടാതെ കാണാതായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രത്തിന്‍റെ സഹകരണവും ഉണ്ടാകും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനായുള്ള ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ് ഈ കേന്ദ്രമെന്ന് കേരള പൊലീസ് അറിയിച്ചു.