സർവീസ് റദ്ദാക്കിയതിനെതിരെ പരാതി നൽകിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനി. ജിദ്ദ കോഴിക്കോട് വിമാന സർവീസുമായി ബന്ധപ്പെട്ട പരാതിക്ക് പരിഹാരം കാണാനായത് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഇടപെടൽ മൂലം.
2022 മെയ് മാസത്തിൽ ജിദ്ദ കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ 3 തവണ സമയം മാറ്റുകയും പിന്നീട് സർവീസ് റദ്ദാക്കുകയും ചെയ്തിരുന്നു. പല തവണ ജിദ്ദ വിമാനത്താവളത്തിൽ നിന്നു മടങ്ങിയ യാത്രക്കാർക്ക് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നു. യാത്രക്കാരനും പൊതുപ്രവർത്തകനുമായ ഇസ്ഹാഖ് പൂണ്ടോളി തനിക്കും നാലംഗ കുടുംബത്തിനും നേരിട്ട പ്രയാസം ചൂണ്ടിക്കാട്ടി സ്‌പൈസ് ജെറ്റിന് പരാതി നൽകി. അനുകൂലമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സൌദി സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് പരാതി നൽകി. അതോറിറ്റിയുടെ ഇടപെടൽ ഉണ്ടായതോടെ ടിക്കറ്റ് ഒന്നിന് 7,555 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സ്‌പൈസ് ജെറ്റ് തയ്യാറായതായി ഇസ്ഹാഖ് പറഞ്ഞു.
വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്നും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകിയാൽ, നഷ്ടപരിഹാരം നേടിയെടുക്കാനാകുമെന്നും ഇസ്ഹാഖ് പറഞ്ഞു.
ഇന്ത്യയിൽ നിന്നും ഗള്ഫിലേക്കുള്ള പല വിമാന സർവീസുകളും വൈകുകയോ, റദ്ദാകുകയോ ചെയ്യാറുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ യാത്രക്കാർ മുന്നോട്ട് വരണമെന്നാണ് ഇത്തരം അനുഭവങ്ങൾ പഠിപ്പിക്കുന്നത്.