സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിൽ താത്പര്യമില്ലാത്തത്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സഹപ്രവർത്തകൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലും ശ്രീനിവാസൻ പ്രതികരിച്ചു. സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.2.77 കോടി വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 25,328 പോളിംഗ് ബൂത്തുകളാണ് സജ്ജെകരിച്ചിട്ടുള്ളത്. വോട്ടെടുപ്പ് സമാധാന പൂർണമാക്കാൻ കേരള പൊലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന ബാധിത ബൂത്തുകളിൽ രണ്ടു മുഴുവൻ സമയ ക്യാമറകളും, മറ്റിടങ്ങളിൽ ഒന്നും വീതം ഉണ്ടാകും.