ഇന്ത്യക്കാരുടെ സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി

0

കൊളംബോ: ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിനുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി. ഇന്ത്യ അടക്കം 48 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന സൗകര്യമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ വിനോദ സ‍ഞ്ചാര വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്ഫോടനത്തിന് ശേഷം കനത്ത പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ തീരുമാനം. 258 പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷം, നേരത്തെ 39 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിവന്നിരുന്ന ഓണ്‍ അറൈവല്‍ വിസ സൗകര്യം ശ്രീലങ്ക നിര്‍ത്തലാക്കിയിരുന്നു.

പിന്നീട് ജൂലൈയിലാണ് ഇന്ത്യയും ചൈനയും അടക്കം കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി പുതിയ സൗജന്യ ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതലായിരുന്നു ഇത് പ്രാബല്യത്തില്‍ വന്നത്. വിവിധ തലങ്ങളില്‍ നിന്നുള്ള അപേക്ഷ പരിഗണിച്ച് ഈ സൗകര്യം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ശ്രീലങ്കന്‍ ടൂറിസം വകുപ്പ് മന്ത്രി വ്യാഴാഴ്ച അറിയിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 20 ഡോളറും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 35 ഡോളറുമായിരുന്നു നേരത്തെ ശ്രീലങ്കയില്‍ സന്ദര്‍ശന വിസാ ഫീസ്. ഇതാണ് സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിരിക്കുന്നത്.