ശ്രീദേവി: അമ്പത് വര്‍ഷം, 300 ചിത്രങ്ങള്‍

0

സിനിമാഭിനയത്തില്‍ അര നൂറ്റാണ്ട് ഒരു ചെറിയ കാലയളവല്ല, ഇന്ത്യന്‍ സിനിമാ ചരിത്രത്തോടൊപ്പം വളര്‍ന്നുയര്‍ന്ന ഒരാള്‍. ഭാഷയുടെ അതിര്‍വരമ്പുകളെല്ലാം കടന്ന് ബാലതാരമായും നായികയായും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന അപൂര്‍വ പ്രതിഭ. 50 വര്‍ഷം. 300 സിനിമകള്‍. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോം എന്ന ചിത്രവുമായി തിരികെയെത്തുമ്പോള്‍ ശ്രീദേവി വാര്‍ത്തയില്‍ നിറയുന്നതും അതു കൊണ്ടാണ്.

എന്തു കൊണ്ട് അഞ്ചു വര്‍ഷത്തെ ഇടവേള എന്നതിന് ശ്രീദേവിയുടെ ഉത്തരം ഇങ്ങനെ, “പതിനഞ്ചു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ രണ്ടാമത് സിനിമയിലേക്ക് വരുന്നത്. ഇപ്പോള്‍ അത് അഞ്ചു വര്‍ഷമായി കുറഞ്ഞില്ലേ? സോ, അയാം ഇംപ്രൂവിങ്.” അമ്മയുടെയും ടീനേജുകരിയായ മകളുടെയും കഥ പറയുന്ന ചിത്രം തെരഞ്ഞെടുത്തത് “അമ്മയും മകളും തമ്മിലുള്ള ബന്ധം. അത് എന്നെ ഏറെ സ്പര്‍ശിച്ചു. ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഉചിതമാണ് ഈ കഥാപാത്രം എന്നു തോന്നി. അങ്ങനെ അഭിനയിക്കാന്‍ സമ്മതിച്ചു” എന്നു പറയുന്നു ശ്രീദേവി. “കാരണം ഞാന്‍ ഒരമ്മയാണ്. എന്താണ് ഈ കഥാപാത്രം ആവശ്യപ്പെടുന്നതെന്ന് എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയും. എനിക്ക് മോം ആയി മാറാനും കഴിയും. കുട്ടികള്‍ക്കു വേണ്ടി ഏതറ്റം വരേയും പോകാന്‍ തയാറാകുന്ന ഒരമ്മ. ഇത് ഏവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ്,” ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രൊമോഷനായി ചെന്നൈയില്‍ എത്തിയ ശ്രീദേവി പറഞ്ഞു. “ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിനെല്ലാം വഴികാട്ടിയായത് എന്റെ അമ്മയാണ്. എന്റെ കരിയര്‍ പാത വെട്ടിത്തുറക്കുന്നതില്‍ എന്റെ അമ്മ വഹിച്ച പങ്ക് ചെറുതല്ല. എന്നെ അമ്മ പഠിപ്പിച്ച 50 ശതമാനം കാര്യങ്ങളെങ്കിലും എനിക്ക് എന്റെ രണ്ട് പെണ്മക്കള്‍ക്കും കൈമാറാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി,” ശ്രീദേവി പറഞ്ഞു, “എല്ലാ അമ്മമാരും അവരുടേ കൗമാരക്കാരികളായ പെണ്മക്കളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇത്.”

ശ്രീദേവിക്കു പുറമേ സാജല്‍ അലി, അദ്‌നാന്‍ സിദ്ദിക്വി, നവാസുദ്ദീന്‍ സിദ്ദിക്വി, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തില്‍ ഇടംപിടിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. “ഈ പ്രോജക്ടിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ തന്നെ റഹ്മാന്‍ കൂടി ഞങ്ങളോടൊപ്പം ഉണ്ടെങ്കില്‍ നന്നാകും എന്ന് തോന്നി. അങ്ങനെ ഏറെക്കാലത്തെ എന്റെ ഒരു സ്വപ്നം സഫലമായി,” ശ്രീദേവി പറയുന്നു. ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലർ കാണാം: