തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്നു തുടക്കം. കോവിഡ് രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയായിരിക്കും പരീക്ഷകൾ നടത്തുക. 4.22 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്; പ്ലസ്ടു പരീക്ഷയെഴുതുന്നതു 4.46 ലക്ഷം പേർ. 28,565 വിദ്യാർഥികൾ എഴുതുന്ന വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷകൾ നാളെ തുടങ്ങും.
ഇന്നും നാളെയും 12നും രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്കു ശേഷം എസ്എസ്എൽസി പരീക്ഷയും നടത്തും. അതിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെയാണു പരീക്ഷ. രാവിലെ 9.40നു പരീക്ഷ തുടങ്ങും. 20 മിനിറ്റ് പരീക്ഷയ്ക്കു തയാറെടുക്കാനുള്ള കൂളിങ് ടൈമാണ്.