ഒരു പരീക്ഷണ കാലത്തെ അതിജീവിച്ച് നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം വന്നു. കേരളം ആഗ്രഹിച്ചത് പോലെ മികച്ച വിജയ ശതമാനം സൂചിപ്പിക്കുന്ന പരീക്ഷാ ഫലം ആശാവഹം തന്നെ. വിദ്യാർത്ഥികൾ വിദ്യാലയത്തിൽ നിന്നും അദ്ധ്യാപകരിൽ നിന്നും അകറ്റി നിർത്തപ്പെട്ട ഒരു അദ്ധ്യയന വർഷം. പരീക്ഷ നടത്താൻ കഴിയുമോ എന്ന് പോലും ഭയപ്പാടോടെ ചിന്തിച്ചിരുന്ന നാളുകൾ. മറ്റു പല സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിച്ചപ്പോഴും നമ്മുടെ കേരളം പൊതു പരീക്ഷയുടെ പ്രസക്തി നഷ്ടപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെ നടത്തിയ പരീക്ഷ’ പലരും മുഖം ചുളിച്ചു. പ്രസ്താവനകളുടെ മലവെള്ളപ്പാച്ചിലുകളുമായി രംഗത്തെത്തി. ഏതൊരു കെട്ട കാലത്തിനെയും ക്രിയാത്മകമായി മാറ്റിത്തീർക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്ക് സഹായകരമായി പുതിയ പരീക്ഷണങ്ങൾ പരീക്ഷയിൽ പ്രാവർത്തികമാക്കുകയായിരുന്നു.
പഠന ഭാഗങ്ങളെ ഫോക്കസ് ഏരിയകളായി തിരിക്കുകയും അത് അദ്ധ്യാപകരിലുടെ വിദ്യാർത്ഥികളിലെത്തിക്കുകയും ചെയ്തത് പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായിത്തീർന്നു. ഇത്തവണത്തെ പരീക്ഷയ്ക്ക് ചോദ്യക്കടലാസ് തയ്യാറാക്കുമ്പോൾ ഏർപ്പെടുത്തിയ ചോയ്സ് സമ്പ്രദായം പരീക്ഷയെ അഭിമുഖീകരിച്ച വിദ്യാർത്ഥികൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഇത് തുടർന്നു വരുന്ന എല്ലാ പരീക്ഷകളിലും മാതൃകയാക്കി മാറ്റേണ്ടതാണ്. കോവിഡ് 19 ൻ്റെ ഭീതിയിലായിട്ട് പോലും തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷ നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു എന്നുള്ളത് ശ്ലാഘനീയമാണ്.
ഈ പരീക്ഷാ ഫലത്തിൻ്റെ മറ്റൊരു സവിശേഷത ഈ വർഷം ഗ്രേസ് മാർക്ക് നൽകിയിട്ടില്ല എന്നതാണ്. ഇക്കാര്യത്തിൽ ചില വിവാദങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. കലാകായിക മേളകളിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മറ്റു പരിപാടികളിലും സംസ്ഥാന തലത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് സാധാരണയായി ഗ്രേസ് മാർക്ക് നൽകാറുള്ളത് ‘ എന്നാൽ പാൻഡമിക്കിൻ്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം മേളകളൊന്നും നടത്താൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ നടത്താത്ത മേളകളിൽ, പങ്കെടുക്കാത്ത വിദ്യാർത്ഥിൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന ആവശ്യം യുക്തിസഹമല്ലെന്ന് തന്നെ പറയേണ്ടതുണ്ട്.
ഭാവിയിലും ഗ്രേസ് മാർക്കിൻ്റെ കാര്യത്തിൽ പുനരാലോചന ആവശ്യമാണ്. പ്രതിഭകൾക്കുള്ള പ്രോത്സാഹനം തീർച്ചയായും നൽകേണ്ടത് തന്നെയാണ്. പക്ഷേ അത് മാർക്ക് ദാനം ചെയ്തിട്ടാകരുത്. ഈ ഗ്രേസ് മാർക്ക് സമ്പ്രദായം പലപ്പോഴും വിദ്യാഭ്യാസ വകുപ്പിൻ്റെ മേളകളെ പണക്കൊഴുപ്പിൻ്റെ കെട്ടുകാഴ്ചകളാക്കി മാറ്റാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ ഗ്രേസ് മാർക്കുകളൊന്നുമില്ലാതെ തന്നെ മുൻ വർഷങ്ങളിലേതിനേക്കാളും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്കായിരി ക്കുന്നു എന്നത് ശുഭോതർക്കമായ വിഷയമാണ്. തീർച്ചയായും ഈ പരീക്ഷയും അതുണ്ടാക്കിയ റിസൽട്ടും തികച്ചും പോസിറ്റീവ് ആണ്. വിജയം കൊയ്തെടുത്ത വിദ്യാർത്ഥികളും അതിന് സാഹചര്യമൊരുക്കിയ അധികൃതരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.