സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. പതിനഞ്ച് മിനിറ്റ് നിയന്ത്രണം ഇനിയുണ്ടാകില്ല. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് കെ എസ് ഇ ബി അറിയിച്ചു. ഊർജ പ്രതിസന്ധി കാരണം സംസ്ഥാനം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കെ എസ് ഇ ബി അത് മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു. ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി.ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്. ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ കെഎസ്ഇബി അഭ്യർത്ഥിച്ചു.
കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി നടപടി ശക്തമാക്കി. കെഎസ്ഇബിക്ക് ഊര്‍ജം നല്‍കുന്ന 19 നിലയങ്ങളില്‍ 3 എണ്ണം മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും.
പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു.ബാങ്കിംഗ് സ്വാപ് ടെണ്ടര്‍ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യര്‍ത്ഥിച്ചിരുന്നു.