ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തിലും തൊഴില്‍ അപേക്ഷ തപാലില്‍ അയച്ച യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
സ്വിഗ്ഗിയിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സപ്തര്‍ഷി പ്രകാശിനാണ് ഈ തൊഴില്‍ അപേക്ഷ തപാലില്‍ ലഭിച്ചത്. അദ്ദേഹം ഈ കത്തിന്റെ കോപ്പി ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
സ്വിഗ്ഗിയില്‍ ഡിസൈനര്‍ തസ്തികയിലേക്ക് ജോലി അന്വേഷിച്ചുകൊണ്ടുള്ള വ്യക്തിയുടെ കത്ത് തപാലില്‍ ലഭിച്ചു. ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരമൊരു സമീപനമെടുത്ത വ്യക്തി വ്യത്യസ്തനാവുന്നു. നിലവില്‍ ഒഴിവുകള്‍ ഇല്ല. നിങ്ങളെനിക്ക് ഇമെയില്‍ അയക്കു. നിങ്ങളുടെ ആശയങ്ങളെ കുറിച്ച് അറിയാന്‍ എനിക്ക് താത്പര്യമുണ്ട്.- അദ്ദേഹം എക്സില്‍ കുറിച്ചു.
സ്വിഗ്ഗി ആപ്പിന്റെ യൂസര്‍ അനുഭവം മികച്ചതാക്കുന്ന ഐഡിയയാണ് അദ്ദേഹം കത്തില്‍ അവതരിപ്പിച്ചത്. തപാലിലാണ് കത്തയച്ചതെങ്കിലും ടൈപ്പ് ചെയ്ത കത്താണ് അയച്ചിരിക്കുന്നത്. എക്സില്‍ പങ്കുവെച്ച ഉടന്‍ തന്നെ പോസ്റ്റ് വൈറലായി.നിരവധിയാളുകള്‍ വ്യത്യസ്തമായ കമന്റുകളുമായി രംഗത്ത് വന്നു.
കൈയെഴുത്തു പ്രതിയാണെങ്കില്‍ അല്‍പ്പം കൂടി നന്നായേനെ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ കത്ത് ഇത്തരത്തില്‍ പരസ്യപ്പെടുത്തിയതില്‍ ഒരാള്‍ പ്രതിഷേധം അറിയിച്ചു. അയാളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് ഈ വ്യക്തി കമന്റ് ചെയ്തു.