സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ
ന്യൂഡൽഹി: ഇന്ത്യയുടെ നിർദിഷ്ട തദ്ദേശീയ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്‍റെ പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നതിനുള്ള ടെൻഡറിൽ പരാജയപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ചില സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ടെൻഡറിൽ നിന്ന് എച്ച്എഎല്ലിനെ ഒഴിവാക്കിയത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് തദ്ദേശീയ പോർവിമാന പദ്ധതിയിൽ നിന്ന് എച്ച്എഎൽ പുറത്താകുന്നത്.
അതേസമയം ഏതൊക്കെ സാങ്കേതിക മാനദണ്ഡങ്ങളാണ് എച്ച്എഎൽ പാലിക്കാതിരുന്നതെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയില്ല. പ്രതിരോധ വിമാന നിർമാണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അവസരം നൽകാനാണ് മന്ത്രാലയം തീരുമാനിച്ചതെന്ന് സിങ് പറഞ്ഞു.
2026 ഫെബ്രുവരിയിൽ താൽപര്യം പ്രകടിപ്പിച്ച ഏഴ് കൺസോർഷ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് നിർബന്ധിത സാങ്കേതിക, സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. രണ്ട് ചെറുകിട കമ്പനികളുമായി ചേർന്നാണ് എച്ച്എഎൽ ടെൻഡറിൽ പങ്കെടുത്തത്. എന്നാൽ യോഗ്യത നേടാനായില്ല.
നിലവിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ ആൻഡ് ടി–ബിഇഎൽ–ഡൈനാമാറ്റിക് കൺസോർഷ്യം, ഭാരത് ഫോർജ്–ബിഇഎംഎൽ–ഡാറ്റ പാറ്റേൺസ് കൺസോർഷ്യം എന്നിവയാണ് പദ്ധതിക്കായി രംഗത്തുള്ളത്. ഏകദേശം 15,000 കോടി രൂപ ചെലവ് വരുന്ന പ്രോട്ടോടൈപ്പ് ഘട്ടത്തിന് സർക്കാർ പൂർണമായും ധനസഹായം നൽകും. വിജയിക്കുന്ന കമ്പനി ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ എയ്റോനോട്ടിക്കൽ ഡെവലപ്മെന്‍റ് ഏജൻസിയുമായി ചേർന്ന് അഞ്ച് പറക്കുന്ന പ്രോട്ടോടൈപ്പുകളും ഒരു ഘടനാ പരീക്ഷണ വിമാനവും നിർമിക്കണം.
ആദ്യ പ്രോട്ടോടൈപ്പ് 2028 സെപ്റ്റംബറിൽ പറത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. പ്രോട്ടോടൈപ്പുകളിൽ തുടക്കത്തിൽ തേജസ് എംകെ-2ൽ ഉപയോഗിക്കുന്ന ജനറൽ ഇലക്ട്രിക് എഫ്414 എൻജിനുകളായിരിക്കും ഉപയോഗിക്കുക.
റഡാറിന് കണ്ടെത്താൻ പ്രയാസമുള്ള സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കലില്ല. യുഎസ് വ്യോമസേനയുടെ എഫ്-22 റാപ്റ്റർ, എഫ്-35 ലൈറ്റ്നിങ്, റഷ്യയുടെ സുഖോയ്-57 എന്നിവ ലോകപ്രശസ്തമായ സ്റ്റെൽത്ത് പോർവിമാനങ്ങളാണ്.