‘നാം എങ്ങനെ ജനിക്കുന്നുവെന്നത് നമ്മുടെ കുറ്റമല്ല, എന്നാല്‍ എങ്ങനെ മരിക്കുന്നുവെന്നത് നമ്മുടെ മാത്രം കുറ്റമാണ്’ ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ വാക്കുകള്‍ വിഖ്യാതശാസ്ത്രജന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതാണ്. ഒരുപക്ഷെ അദ്ദേഹം എന്തായിരുന്നു എന്ന് ഈ വാക്കുകള്‍ തന്നെ പറഞ്ഞു തരും. ചക്രക്കസേരയിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതക ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. പഠനകാലത്ത് നാഡീതളര്‍ച്ച സംഭവിക്കുന്ന രോഗം ബാധിച്ചെങ്കിലും ആ ബുദ്ധിവൈഭവത്തെ മഹാത്ഭുതം കാണിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചിരുന്നില്ല.
രണ്ട് വർഷക്കാലത്തെ ആയുസ് മാത്രമാണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടർമാർ അദ്ദേഹത്തിന് വിധിയെഴുതിയത്. എന്നാൽ ശാസ്ത്ര ലോകത്തെ പോലും അമ്പരപ്പിച്ച് സ്റ്റീഫൻ അഞ്ചു പതിറ്റാണ്ടുകാലം ജീവിച്ചു. രോഗക്കിടക്കയിൽ കിടന്ന് ജീവിതം തള്ളി നീക്കുകയായിരുന്നില്ല, മറിച്ച് വീൽചെയറിൽ സഞ്ചരിച്ച് പ്രവർത്തിക്കുന്ന മസ്തിഷ്കമുപയോഗിച്ച് ലോകത്തിന് മുന്നിൽ പുതിയ വഴികൾ കാണിച്ചു തന്നു. പ്രപഞ്ചം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ ഉണ്ടായി എന്ന് പറയുന്ന ബിഗ്ബാങ് സിദ്ധാന്തം മുതല്‍ തമോഗര്‍ത്തങ്ങളുടെ ഇരുട്ടറകളിലേക്ക് വരെ വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം).
പ്രപഞ്ച പഠനത്തിന് ഇന്ന് ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ജനപ്രിയമായ ശാസ്ത്ര പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. 1988ലാണ് സ്റ്റീഫന്‍ ഹോക്കിങ് പുസ്തകം പുറത്തിറക്കുന്നത്. ഏത് സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തിലാണ് ഹോക്കിങ് ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്റെ ഉള്ളറകളെ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം നവ്യമായ വായനാനുഭവം നല്‍കി. അതുകൊണ്ടുതന്നെയാണ് ഈ വിഖ്യാത പുസ്തകത്തിന്റെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റുപോയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകമായി അഞ്ചു വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടു എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. 20 വര്‍ഷത്തിനിടെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിക്കപ്പെട്ടു. 2001ല്‍ 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സണ്‍ഡൈ ടൈംസ് നടത്തിയ പരിശോധനയില്‍ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണെന്ന് കണ്ടെത്തിയിരുന്നു.
കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയാണ് അദ്ദേഹം ലോകത്തോട് സംസാരിച്ചത്. ആൽബർട്ട് ഐൻസ്റ്റീന് ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം.
ഫ്രാങ്ക്-ഇസബെല്‍ ദമ്പതികളുടെ മകനായി ഇംഗ്ലണ്ടിലെ ഓക്സ്ഫര്‍ഡിൽ 1942 ജനുവരി 8നാണ് ഹോക്കിങ്സിന്‍റെ ജനനം. ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ സ്റ്റീഫന് താല്‍പര്യം ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു ബിരുദം, ഫിസിക്സിലും നാച്ചുറല്‍ സയന്‍സിലും. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രപഞ്ചഘടനാ ശാസ്ത്രത്തിലും ഗവേഷണം ആരംഭിച്ചു. ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ സ്റ്റീഫൻ ശ്രമിച്ചു. എന്നാൽ അവർ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു. ഇവർക്ക് ലൂസി, തിമോത്തി, റോബർട്ട് എന്നീ മക്കൾ പിറന്നു. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.
ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകത്തിനുള്ള ഗിന്നസ് റെക്കോഡും ഈ കൃതി സ്വന്തമാക്കിയിരുന്നു. 12 ഓണററി അവാര്‍ഡുകള്‍, ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പരമോന്നത ബഹുമതിയായ സിബിഇ (1981) അടക്കം നിരവധി ബഹുമതികളും സ്റ്റീഫനെ തേടിയെത്തി. ലോകം കണ്ട പ്രതിഭാധനനായ ശാസ്ത്രജ്ഞൻ ഐൻസ്റ്റൈൻ ജനിച്ചതും ഹോക്കിങ് മരിച്ചതും മാർച്ച് 14നാണെന്ന യാദൃശ്ചികത കൂടി ഇനി ലോകത്തിന് വിസ്മയമാകും.