വോട്ടെണ്ണലിൽ കണ്ണുനട്ട് ഓഹരി വിപണി; അദാനി ഗ്രൂപ്പ് ഓഹരികൾ സമ്മർദ്ദത്തിൽ

0

മുംബൈ: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാൻ നിൽക്കെ ഓഹരി വിപണി ഇടിഞ്ഞു. വിപണി തുറന്നപ്പോൾ സെൻസെക്‌സ് 1,544.14 പോയിൻ്റ് അഥവാ 2.02 ശതമാനം താഴ്ന്ന് 74,924.64ലും നിഫ്റ്റി 491.10 പോയിൻ്റ് അഥവാ 2.11 ശതമാനം ഇടിഞ്ഞ് 22,772.80ലുമാണ് വ്യാപാരം നടക്കുന്നത്. ആറാഴ്ചത്തെ തിരഞ്ഞെടുപ്പിൻ്റെ അന്തിമഫലത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതിന്റെ സൂചനകൾ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോൾ തന്നെ ഓഹരി വിപണിയിൽ പ്രതിഫലിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടിയും സഖ്യകക്ഷികളും പാർലമെൻ്റിൻ്റെ അധോസഭയിലെ 543 സീറ്റുകളിൽ 350-ലധികം സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതിന് ശേഷം നിഫ്റ്റി മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 8.2% ജിഡിപി വളർച്ച, ജിഎസ്ടി കളക്ഷനുകളിൽ 10% വർദ്ധനവ് തുടങ്ങിയ പോസിറ്റീവ് ആയുള്ള സാമ്പത്തിക പ്രവചനങ്ങളും പുറത്തുവന്നതോടെ നിഫ്റ്റി ഇന്നലെ കുതിച്ചുയർന്നു. എണ്ണവില കുറയുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

മോദി സർക്കാരിന്റെ ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന് വിപണി ഉറ്റുനോക്കുന്നു. അനുകൂലമായ ഫലം നിഫ്റ്റിയെ 24,000 ലേക്ക് വേറെ നയിച്ചേക്കാം. ഇന്നലെ വിപണി റെക്കോർഡുകൾ ഭേദിച്ചാണ് ഉയർന്നത്. ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലെത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍.18 ശതമാനം നേട്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്.  ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. എന്നാൽ ഇന്ന് അദാനി ഓഹരികൾ സമ്മർദം നേരിടുന്നു എന്നാണ് റിപ്പോർട്ട് .