ചൂടായ ചീനച്ചട്ടിയിലെ കടുകിന്റെ വെടിക്കെട്ടിനൊപ്പം ചതച്ചിട്ട ഉള്ളി, വെളുത്തുള്ളി, വറ്റൽ മുളക് മിശ്രിതത്തിന്റെ മൂപ്പിലേക്കു വെന്ത ബീൻസ് കൊരിയിടുന്നതിനിടയ്ക്കാണ് അടുക്കളപ്പുറത്തെ മരപ്പക്ഷി ചിലച്ചത്… കിളിപ്പേച്ചിനു ചെവി കൊടുക്കാതെ ബീൻസ് മുഴുവനും കോരിയിടുന്നതു വരെ മരപ്പക്ഷി നാലു വട്ടം ചിലച്ചു വീണു. ഇത്തരം പണിക്കിടെയുള്ള ഏതൊരു ശല്യവും അക്രമം തന്നെയാന്നെന്നുള്ള മുഴുവൻ അതൃപ്തിയും മുഖത്തു വരച്ച് ഞാൻ മരപ്പക്ഷിയെ ചിലപ്പിക്കുന്ന അതിഥിയിലേക്കു വാതിൽ പാതി തുറന്നു.
മെലിഞ്ഞ് ഇരുനിറത്തിൽ അഞ്ചടിയോളം ഉയരമുള്ള പെൺകുട്ടി, തോളിൽ എക്സിക്യൂട്ടീവ് ബാഗും വലം കയ്യിൽ ഫയലും പിടിച്ചു മുഖത്തു നിറ പുഞ്ചിരിയുമായി സിറ്റൗട്ടിൽ. ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പ്രായം. ജീൻസും കടും നീല ടോപ്പും. സുന്ദരമായ അവളുടെ മുഖത്തു കുലച്ചുനിന്ന വില്ലൊത്ത കനത്ത പുരികത്തിലായിരുന്നു എന്റെ നോട്ടം ഉടക്കിയത്. എന്റെ പെൻസിൽ പരുവപ്പുരികം ആ വില്ലിനോടുടക്കി നെടുനീളൻ പാതയായി കിടന്നു. അവളുടെ രൂപം അളക്കുന്നതിനിടെ, അവൾ ‘ഹലോ മാഡം’ പറഞ്ഞതു ഞാൻ കേൾക്കാതെ പോയി.
“എനിക്ക് അകത്ത് കയറാമോ മാഡം?” അവൾ ഭവ്യതയോടെ ചോദിച്ചു.
അവളുടെ ചോദ്യം കേട്ട ഞെട്ടലിൽ ഞാൻ അവളെ ഒന്നിരുത്തി അളന്നു. വാർത്തകൾതിന്ന് മതികെട്ട എന്റെ ആറാം ഇന്ദ്രിയം, വീട്ടിൽ കയറിവരുന്ന അപരിചിതരെ സൂക്ഷിക്കണമെന്ന് എന്നോടു പറഞ്ഞു. അവളുടെ മുഖം ഭീകരമാകുന്നതും വാതിൽ തള്ളിത്തുറന്ന് എന്നെ വെട്ടിയരിഞ്ഞിടുന്നതും കൊള്ളയടിച്ചു കടന്നുകളയുന്നതും സിനിമാ റീൽപോലെ മനസ്ക്രീനിൽ കറങ്ങിത്തിരിഞ്ഞു. കണ്ടം തുണ്ടമായി കിടക്കുന്ന എന്നെ നോക്കി ഞാൻ ഭയന്നു…. അവളെ ഇറക്കി വിടാൻ തുനിഞ്ഞതും അവൾ വിളിച്ചു: “മാഡം”
റീലിനെ പെട്ടിയിലാക്കി, ആ കിളുന്തു പെണ്ണിന്റെ അഹങ്കാരത്തെ ഒന്നടങ്കം ഒടിച്ചു മടക്കാനായെന്നവണ്ണം അവളുടെ ഭവ്യതയിലെക്കു ഞാൻ ആക്രോശിച്ചു: “ഇറങ്ങെടി…”
തെല്ലോന്നമ്പരന്ന അവൾ ആക്രോശവും അപമാനവും കേട്ടു തഴകിയ മുഖഭാവത്തിൽ പറഞ്ഞു:
“മാഡം, ദേവദാസി കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇതാ നോക്കൂ….”
അവൾ കയ്യിലിരുന്ന ഫയൽ തുറന്ന് എന്റെ നേർക്കു നീട്ടി. പെൺകുട്ടികളുടെ ചിത്രങ്ങൾ ചിത്രശലഭങ്ങളെപ്പോലെ അതിൽ നിറഞ്ഞു. വികാരഭേദമില്ലാതെ ഞാൻ ആ ചിത്രങ്ങളിലേക്കു നോക്കി.
പ്രതിഷേധം തെല്ലോന്നയഞ്ഞതോടെ വാതിൽ പൂർണമായി തുറന്നു കൊടുത്തു. . എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ അവൾ അകത്തു കടന്നു ടീപോയ്ക്കരികിൽ മുട്ടുകുത്തി നിന്ന് എന്നെ ക്ഷണിച്ചു:
“മാഡം, വരൂ ഇരിക്കൂ. എൻറെ വീട്ടിലെ സെറ്റിയിലേക്ക് അവൾ എന്നെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവൾ ചൂണ്ടിയ ഭാഗത്തു സെറ്റിയുടെ മധ്യഭാഗത്ത് ഞാൻ ഇരുന്നു.
സ്ഥലകാലബോധത്തിനു മുകളിൽ കറുത്ത പായ വിരിച്ചു ഞാൻ അവൾക്കു കീഴടങ്ങി. ലാമിനേറ്റ് ചെയ്ത ചിത്രങ്ങൾ… പല പെൺകുട്ടികൾ പല പ്രായങ്ങളിൽ. അവൾ ഫയലിന്റെ പേജ് ഓരോന്നായി മറിച്ചു കൊണ്ടിരുന്നു.
അവൾ ചൂണ്ടിക്കാട്ടിയ ചിത്ര വിവരണങ്ങളിലൂടെ ഞാൻ വേദനയോടെ ആഴ്ന്നിറങ്ങി.
‘‘മാഡം, നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഈ കൊച്ചു കുട്ടികൾ ശരീരം വിറ്റു ജീവിക്കണമെന്ന്?’’
ഞാൻ പകപ്പോടെ അവളെ നോക്കി .
‘‘ഇവർക്കു ശരിയായ വിദ്യാഭ്യാസം നൽകിയാൽ ഈ തെറ്റായ വഴിയിലൂടെ യാത്ര ചെയ്യുമായിരുന്നോ? ഇവരെ കൈത്തൊഴിലെന്തെങ്കിലും പഠിപ്പിക്കുകയല്ലേ വേണ്ടത്… നമ്മളോരോരുത്തരും ഇവരെ കണ്ടില്ലെന്നു നടിക്കുമ്പോൾ, അവർ പഴയ തൊഴിലിലേക്കു പോകുന്നതിനു നമ്മൾ ഓരോരുത്തരുമല്ലേ ഉത്തരവാദി ? അല്ലെ, മാഡം ?’’
‘‘ആണോ?’’ കരയ്ക്കു പിടിച്ചിട്ട മീനായി ഞാൻ പിടഞ്ഞു.
ഒരു ചുവന്ന തെരുവിന്റെ ഛായാചിത്രം മനസ്സിൽ തെളിഞ്ഞു. മുല്ലപ്പൂ ചൂടി, ചുണ്ടിൽ കടുംചായം തേച്ചു വശ്യമായി പുഞ്ചിരിച്ചു നിൽക്കുന്ന അനേകം കുട്ടികൾ. അവർക്കിടയിലൂടെ നടക്കുന്ന അനേകം പുരുഷന്മാർ. അടിവയറ്റിൽ നിന്നു നെഞ്ചിലേക്കു വന്ന ഒരാന്തലിൽ ചുവന്ന തെരുവിനു മേലെ വെള്ളച്ചായം വീശി വരച്ച്, പെൺകുട്ടി മറിക്കുന്ന ഫയലിന്റെ താളുകളിലേക്ക് ഉദ്വേഗത്തോടെ നോക്കി.
“ഞങ്ങളുടെ സംഘടനയ്ക്കു കീഴിൽ നൂറോളം വരുന്ന പെൺകുട്ടികളുണ്ട്. പല സ്ഥലത്തുനിന്നു ഞങ്ങൾ രക്ഷപ്പെടുത്തിയ പല പ്രായത്തിൽ വന്നു ചേർന്നവർ…”.
അവൾ ചൂണ്ടുവിരൽ ചിത്രങ്ങളിലൂടെ ചലിപ്പിക്കുന്നതിനിടയിൽ പറഞ്ഞുകൊണ്ടേയിരുന്നു. ലോകത്തിൽ അവഗണിക്കപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കുമായി അവൾ ശക്തിയുക്തം വാദിക്കുന്നതായി തോന്നി.
“മാഡം , നിങ്ങൾ വാങ്ങുന്ന ഒരു സാരിയുടെ ചിലവു മതി ഒരു കുട്ടിയുടെ പഠനച്ചിലവിന്. നോക്കൂ, നിങ്ങളെപ്പോലെ തന്നെ സഹൃദയരായ വ്യക്തികൾ നൽകിയ സഹായങ്ങൾ”.
അവൾ ഉന്നത വ്യക്തികളുടെയും പ്രശസ്തരായവരുടെയും ചിത്രങ്ങളും തുകയുടെ തെളിവും കാണിച്ചു തന്നു. അവളുടെ വിവരണങ്ങളിൽ നിന്നു കാതെടുത്തു ഞാൻ അവളെ സാകൂതം നോക്കി. ഒഴിഞ്ഞ കഴുത്തും കാതും. നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന കണ്ണുകൾ. പ്രാഗത്ഭ്യം നിറഞ്ഞ വാക്ച്ചാതുരി. അവളെ നോക്കിയിരിക്കെ വല്ലാത്തൊരിഷ്ടം നിറഞ്ഞു. വെട്ടിനുറുക്കപ്പെട്ട ഞാൻ കൂടിച്ചേർന്ന് അവളോട് അല്പം ചേർന്നിരുന്നു.
‘‘നിന്റെ പേരെന്താണ്?’’
‘‘ദിയ.’’
‘‘നീ പഠിക്കുകയാണോ?’’ അവളെക്കുറിച്ചു കൂടുതൽ അറിയാൻ ജിജ്ഞാസ.
‘‘അല്ല. ഞാൻ ജോലി ചെയ്യുന്നു. ’’
‘‘എവിടെ?’’
‘‘ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ.’’
‘‘പിന്നെയെന്തിന് ഈ പണിക്ക്?’’
‘‘ഞങ്ങളുടെ കമ്പനി ഈ സംഘടനയുടെ പങ്കാളിയാണ്. ഞങ്ങൾ ജോലിക്കാർക്ക് ഇതൊരു ഫ്രീ സർവീസ് ആയി ഏറ്റെടുക്കാം കമ്പനിക്കുവേണ്ടി.’’
“കുട്ടിക്കൊരു നല്ല മനസ്സുണ്ട്”. ചെക്ക് എഴുതി ഒപ്പിട്ട് അവൾക്കു നീട്ടുന്നതിനിടെ ഞാൻ പറഞ്ഞു.
ചെക്ക് വാങ്ങി ബാഗിൽ നിക്ഷേപിക്കുന്നതിനിടെ വിടർന്ന മുഖത്തോടെ അവൾ പറഞ്ഞു:
“മാഡം ഒരു പെൺകുട്ടിയുടെ പഠന ചിലവാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്”.
അവള്‍ രസീത് എഴുതി എനിക്ക് നീട്ടുന്നതിനിടെ അവളുടെ കണ്ണുകളിലെ തിളക്കത്തിലേക്കും കോണിൽ ഉറഞ്ഞ നനവിലേക്കും നോക്കി. എന്നെ അമ്പരപ്പിച്ചുകൊണ്ട് അവള്‍ കുനിഞ്ഞു എന്‍റെ കാലുകളെ തൊട്ടു. ഒരടി പിറകോട്ട് മാറിയ ഞാൻ വിവേചിച്ചറിയാനാവാത്ത വികാരത്തിൽ അവളുടെ തോളിലും തലയിലും തഴുകി.
അവൾ വാതിലിനടുത്തേയ്ക്കു നീങ്ങി ഒന്നു തിരിഞ്ഞു നോക്കി:
“ഇതുപോലെ ഒരു നല്ല മനസ്സിന്റെ സഹായത്താൽ ഞാനും അവിടെനിന്നു പഠിച്ചു വളർന്നതാണ്. ഒരു ദേവദാസിക്കുണ്ടായ മകളാണ് ഞാനും”.
അവൾ ഗേറ്റ് തുറന്ന് ഇറങ്ങിപ്പോകുന്നതു ഞാൻ നോക്കി നിന്നു.
ദിയ!
ചുറ്റും അനേകായിരം മൺ ചെരാതുകൾ കത്തിച്ചു വച്ച്, അതിനിടയിൽ പ്രകാശം പരത്തുന്നപെൺകുട്ടിയായി അവൾ നിറഞ്ഞു.