തൊപ്പിയിട്ടവന്‍

0

തോറ്റു തൊപ്പിയിട്ടവന്‍ എന്നുള്ള പ്രയോഗം സാധാരണയാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം തൊപ്പിയിട്ട ശേഷമാണ് ഞാന്‍ തോറ്റത്.
എന്‍റെ പേര് പോലും ‘ആ തൊപ്പിയിട്ടവന്‍’ എന്നായി മാറി. അല്ലെങ്കില്‍ തന്നെ ഒരു പേര് ഉറപ്പിക്കാന്‍ കഴിയാഞ്ഞതും കുറ്റമായി. ഈ എയര്‍പോര്‍ട്ടില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു എത്ര മണിക്കൂറായി എന്ന് ഒരു നിശ്ചയവുമില്ല. പല വേഷത്തിലുള്ള ഓഫീസര്‍മാര്‍ വന്നു കടുത്ത ഭാഷയിലും ഭാവത്തിലും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു. പലതും എനിക്ക് മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ എനിക്ക് അറിയില്ല. എ കെ ഫോര്‍ട്ടിസെവെന്‍ എന്നാണ് ഏതു വലിയ തോക്കിനും എനിക്ക് അറിയാവുന്ന പേര്. അങ്ങനെ ഒരെണ്ണം എന്‍റെ നേര്‍ക്ക്‌ ചൂണ്ടികൊണ്ട്‌ സുന്ദരന്മാരായ രണ്ടു പോലീസുകാര്‍ തുറിച്ചു നോക്കി കൊണ്ട് നില്‍ക്കുന്നു.
എനിക്കെന്തോ വലിയ പേടി ഒന്നും തോന്നിയില്ല. അവരെ നോക്കി, ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ നോട്ടം ഒന്ന് കൂടി കടുപ്പിച്ചു.
ഞാന്‍ പാരീസിലേക്കുള്ള യാത്രയില്‍ ആണെന്നും അവിടെ ലൂവ്ര് മ്യുസിയത്തിലെ പെയിന്റിംഗ്സ് കാണാനും, ഒരു ഫീച്ചര്‍ തയ്യാറാക്കാനും ആണ് പോകുന്നത് എന്നും മാത്രമേ എനിക്ക് പറയാനുള്ളൂ.
ഒരു നൂറാവര്‍ത്തി ഇത് തന്നെ പറയുന്നു.
എനിക്ക് എല്ലാത്തിനും ഫണ്ടിംഗ് എവിടെ നിന്നാണ് ?
എന്തിന് യാത്രക്കോ ? – കൊളംബിയ യുണിവേര്‍സിറ്റിയില്‍ ഒരു പാട് വര്‍ഷങ്ങള്‍ പഠിപ്പിച്ച കാശുണ്ട്
അവിടെ ജേക്കബ്‌ എന്നാണല്ലോ?
ഓ ഹോ, ഇതിനിടയില്‍ നിങ്ങള്‍ അവിടെയും പോയി വന്നോ ?

യാക്കോബ് എന്നാ പേര് ഉച്ചരിക്കാന്‍ പ്രയാസമുണ്ടായ ഒരു റെജിസ്ട്രാര്‍ എഴിതിയതാണത് – ജേക്കബ്
ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
അപ്പോള്‍ ഈ യാക്കോബ് ആരാ?
പാസ്പോര്‍ട്ടില്‍ ആണേല്‍ പേര് വ്യക്തം അല്ല. സര്‍ നെയിം ഇല്ല..മിഡില്‍ നെയിം മിസ്സിംഗ്‌ ..പെര്‍മനെണ്ട് അഡ്രെസ്സ് ഇല്ല. ആരാണിതൊക്കെ അനുവദിച്ചത്?
എല്ലാം കെയര്‍ ഓഫ്‌ , നിങ്ങളുടെ സ്റ്റുപ്പിട്ട് കണ്ട്രിയില്‍ ഇതൊക്കെ നടക്കുമായിരിക്കും.
ഒരാള്‍ ഏതു തരക്കാരനാണെന്ന് പേരില്‍ നിന്നും മനസ്സിലാക്കാമെന്ന് കരുതുന്ന നിങ്ങള്‍ അല്ലെ സ്റ്റുപ്പിട്ട്?
“ഷട്ട് അപ്”
പെട്ടന്ന് വാതില്‍ തുറന്നു വന്ന രണ്ടു ഇരുമ്പ് മുഷ്ടികള്‍, ഒരു പട്ടി കുഞ്ഞിനെ പൊക്കും പോലെ എന്‍റെ കോളറില്‍ പിടിച്ചു തൂക്കി….വരാന്തയില്‍ കൂടി അതിവേഗം നടത്തിച്ചു.
കഷ്ടിച്ചു നിലത്തു തൊടാന്‍ കഴിയുന്ന കാലുകള്‍ കൊണ്ട് നടക്കാന്‍ ശ്രമിച്ചു . ഏതാണ്ട് തുഴയുന്നതു പോലെ !! കാലുകള്‍ പലപ്പോഴും നിലത്തു തൊടുന്നുണ്ടായിരുന്നില്ല. പ്രശ്നങ്ങളുടെ നിലയില്ലാ കയത്തില്‍ എവിടെ എങ്കിലും ഒന്നു ചവിട്ടി നില്‍ക്കാന്‍ കഴിയാത്ത പോലെ.


ചില്ലുമറകള്‍ ഉള്ള ഒരു മുറിയിലേക്ക് തള്ളി . ഒരു കസേരയില്‍ ഇരുത്തി. സിനിമയിലെ കൊള്ളത്തലവന്‍ നിൽക്കുന്ന പോലെ , മേശക്കു മുകളില്‍ തൂങ്ങി കിടക്കുന്ന ഒരു ലൈറ്റിന്റെ എതിര്‍ വശത്ത്‌ ഒരു പോലീസ് ഓഫീസര്‍ ഇരിക്കുന്നു
അയാള്‍ അലറി… നീ ഞങ്ങലെ വിഡ്ഢികള്‍ ആക്കാമെന്നാണോ കരുതിയിരിക്കുന്നത് ?
അയാളുടെ ശബ്ദം എന്താണ്ട് ഒരു കിളി കരയുന്നെ പോലെ തോന്നിച്ചു ,പെട്ടന്ന് ചിരി വന്നു
കോപം കൊണ്ട് ചുവന്ന അയാൾ ഒരു ലാത്തി കൊണ്ട് മേശമേല്‍ ഇടിച്ചപ്പോൾ പക്ഷെ ഞാൻ ഞെട്ടി

ഇന്നത്തെ ദിവസം …അറിയാമോ …നിനക്ക് …ലോകത്തെ ഞെട്ടിച്ച ആ സംഭവത്തിന്റെ വാർഷികം
നിന്റെ ഫോണ്‍ ലാപ്ടോപ് ക്യാമറ ,ടാബ് എല്ലാത്തിലും ഒരു പാട് ചിത്രങ്ങള്‍ വീഡിയോകള്‍ …

പിന്നെ മോസ്റ്റ്‌ സെന്‍സിറ്റീവ് സ്ഥലങ്ങളുടെ മാപ്പും റൂട്ടും …ഒക്കെ ഇട്ടു അടയാള പെടുത്തിയിരിക്കുന്നു
സര്‍ ഞാൻ സന്ദര്‍ശിച്ച സ്ഥലങ്ങളനാനാവ…


ആര്‍ യു എ ഡോക്ടര്‍ ??

അല്ല ….അതെ …ഡോക്ടര്‍ ആണ്…ഡോക്ടരെട്റ്റ്…
യെസ് കെമിക്കല്‍ വാര്‍ ഫെയര്‍ …അപകടകരമായ വാതകങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന മാസ്ക് ഉണ്ടാക്കുനുള്ള റിസേര്‍ച്ച്!!

കൊല്ലുന്നവന്‍ മരിക്കാതിരിക്കാന്‍ …………….!!!!

എന്നെ പറ്റി എനിക്ക് അറിയാത്ത കാര്യങ്ങള്‍ അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു, ഇടയ്ക്കിടെ പക്ഷിയുടെ ശബ്ദത്തില്‍ അലറികൊണ്ടിരുന്ന അയാളുടെ വായ നാറുന്നുണ്ടെന്നു മാത്രമേ എനിക്കപ്പോള്‍ തോന്നിയുള്ളൂ.

“യൂ മാസ്റര്‍ മൈന്‍ഡ്…നിനക്ക് ഒരു മണിക്കൂര്‍ സമയം തരുന്നു ..എല്ലാം പറഞ്ഞോണം അല്ലെങ്കില്‍ ……..”
അയാള്‍ എഴുന്നേറ്റു പോയെങ്കിലും പട്ടികുഞ്ഞിനെ തൂക്കുന്നവര്‍ വന്നു . ഒരു മുറിയില്‍ തൂക്കി കൊണ്ട് പോയി. മുറിയില്‍ കട്ട പിടിച്ച ഇരുട്ട്
ഇരുട്ട് കണ്ണിനു പരിചിതമാവുന്നത് പോലുമില്ല, ശരീരവും മുഖവും തൊട്ടടു നോക്കി.പെട്ടന്ന് ആരോ വാതില്‍ തുറന്നു ഒരു കസേര അകത്തേക്ക് നിരക്കി വാതില്‍ അടച്ചു. അകത്തു ചാടികയറിയ വെളിച്ചം .. വീണ്ടും വാതിലടച്ചപ്പോള്‍ ഇരുളില്‍ കുറെകൂടി കറുത്ത ചായം കലക്കി.
എന്താണുണ്ടായത്?!!
എന്തെങ്കിലും ഒന്ന് ചിന്തിക്കാന്‍ പോലും എനിക്കിത്തിരി വെളിച്ചം കാണണമെന്നു തോന്നി.
ഫ്ലൈറ്റില്‍ ..ഏതോ ഒരു സിനിമ കാണിക്കുണ്ടായിരുന്നു ആ സിനിമ ഉണ്ടാക്കിയവനു പോലും മനസ്സിലാകാലത്ത എന്തോ ഒന്ന്. അത് എന്താണെന്നു തല പുകയ്ക്കണ്ടാ എന്ന് കരുതി ബാഗില്‍ നിന്നു ഒരു പഴയ മാഗസിന്‍ എടുത്തു. അതിലെ ഒരു കഥ വല്ലാതെ ആകര്‍ഷിച്ചു .പക്ഷെ അത് തന്‍റെ ജീവിതത്തോടു ചേര്‍ത്തു വെക്കാന്‍ കഴിയുന്ന ഒരു കൊച്ചു കഥ.
“നിലനില്‍പ്പ്‌ “
കഥാകൃത്തിന്റെ ഫോട്ടോയും ഉണ്ട്. പ്രായം മറയ്ക്കാന്‍ മേക്കപ്പ് ഒക്കെ ചെയ്ത കഥാകാരിയുടെ കണ്ണുകളില്‍ ഒരു ധൈന്യ ഭാവം ..!!
കഥ തുടങ്ങുന്നത് തന്നെ തന്‍റെ ജീവിതത്തിന്റെ ഒരു ഏട് മറിച്ച് നോക്കി എഴുതിയതാനെന്ന്‍ തോന്നി
പിതാവിന്റെ പേരില്ലാതെ ഒരു നിലനില്‍പ്പില്ലെന്ന് വന്നപ്പോള്‍ ആമ്യോടു ചോദിച്ചു
ഒരു മനുഷ്യന് ഉണ്ടായതാണ് നീ എന്നായിരുന്നു ഉത്തരം . ഒരു മനുഷ്യനായി ജീവിക്കണം എന്നും പറഞ്ഞു
അന്ധനും ബധിരനും മൂകനുമായ മനുഷ്യന്‍ എന്ന് പറഞ്ഞത് മാത്രം മനസ്സിലായില്ല
പിനീട് മനുഷ്യനായി ജീവിക്കാന്‍ ശ്രമിച്ചു ഒരു നിലനില്‍പ്പില്ലാതെ പതറിയപ്പോള്‍ തൊപ്പി വച്ച ചിലര്‍ ഉപദേശിച്ചു. തൊപ്പി വെക്കാന്‍. തൊപ്പി വെച്ച് പക്ഷെ ചെന്ന് കയറിയത് ശൂലമെന്തിയവരുടെ ഇടയിലേക്ക് ആയിരുന്നു.

ശൂലത്തില്‍ കുത്തി ഉയര്‍ത്തിയ തൊപ്പി ഉപേക്ഷിച്ചു. കാവിയുടുത്തു.പക്ഷെ ശൂലവും പിടിക്കണം എന്നതായിരുന്നു ധര്‍മ്മ സങ്കടം! അപ്പോഴാണ്‌ നിത്യ രക്ഷ വേണമെങ്കില്‍ കുരുശിനെ അനുഗമിക്കുക എന്നാ പ്രലോഭനവുമായി ആരോ വന്നത് ….അങ്ങനെ പോകുന്നു കഥ
എന്‍റെ കഥയും ഒരു തൊപ്പിയിലാണിപ്പോള്‍ ഉടക്കി നില്‍ക്കുന്നത്
അനങ്ങരുത് എന്നുമുള്ള അറിയിപ്പ് എല്ലാവരുടെയും നെഞ്ചുകളില്‍ ആണ് പെരുമ്പറ അടിച്ചത്.
രണ്ടാമതും ആവര്‍ത്തിച്ച മൈക്കിന്റെ ശബ്ദം നിലച്ചതോടെ ആഞ്ഞു പതിച്ച നിശബ്ദതയില്‍ പലരുടെയും ശ്വാസോച്ഛ്വാസങ്ങളും പിടഞ്ഞുയര്‍ന്നു .
രണ്ടു സെക്യൂരിറ്റിക്കാര്‍ വന്നു ഞാന്‍ ഇരിക്കുന്ന സീറ്റിനരികെ വന്നു നിന്നത് കൂടി കണ്ടപ്പോള്‍ അടുത്തിരുന്ന ആളും ഭയപ്പാടോടെ തുറിച്ചു നോക്കി
മുന്‍വശത്തെ സീറ്റിലിരുന്ന സ്ത്രീ തിരിഞ്ഞു നോക്കിയതിനൊപ്പം , സന്ദര്‍ഭത്തിന്‍റെ ഗംഭീരത മനസ്സിലാകാതെ അവരുടെ കുഞ്ഞു എന്‍റെ മുഘത്ത്‌ നോക്കി ചിരിച്ചു. കൈ വീശി കാണിക്കാന്‍ ഞാന്‍ വലതു കരം ഉയര്‍ത്തിയപ്പോ സെക്യൂരിറ്റിക്കാര്‍ ഞെട്ടുന്നത് ഞാന്‍ കണ്ടു. ആ സ്ത്രീ കുഞ്ഞിന്‍റെ തല പിടിച്ചു താഴ്ത്തി . തിരിഞ്ഞിരുന്നു.

എനിക്ക് എല്ലാം വിചിത്രമായി തോന്നി . ചുറ്റും കണ്ണോടിച്ചപ്പോള്‍ …പലരും എന്നെ നോക്കുണ്ടായിരുന്നു ..അവരുടെ കണ്ണുകളെ നേരിടുമ്പോള്‍ അവര്‍ വെട്ടി തിരിയുന്നു
അതാ ആ തൊപ്പി വെച്ചവന്‍ എന്നോ മറ്റോ അവ്യക്തമായ ഒരു പിറുപിറപ്പ് ആരോ തുടെങ്ങി ഒരു അല പോലെ വിമാനത്തിനുള്ളില്‍ ഉയരുന്ന കനത്ത ശ്വാസോച്ഛ്വാസതോടൊപ്പം അലഞ്ഞു
എന്താണ് പ്രശനം ?
എന്‍റെ നേരെ എരിയുന്ന നോട്ടങ്ങളുടെ ഉഷ്ണം അനുഭവപ്പെട്ടു തുടെങ്ങി. എന്‍റെ സിരകളില്‍ ഞാന്‍ ഒറ്റപ്പെട്ടു എന്നാ ഒരു തരാം വേദന അരിച്ചു കയറാന്‍ തുടെങ്ങി .
ജീവിതത്തിലെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ആണ് ഇങ്ങനെ ഒറ്റപ്പെടുന്നു എന്നാ തോന്നല്‍ ഉണ്ടായിട്ടുള്ളത്/
മിലിട്ടറി നഴ്സിന്‍റെ ഉടയാത്ത യുനിഫോമിലെ തലയെടുപ്പുള്ള അമ്മ …ആശുപത്രി കട്ടിലിലെ വെള്ളവിരിപ്പില്‍ കുറേശ്ശെയായി ഉരികി തീരുന്നത് കണ്ടപ്പോഴേ ഇങ്ങനെ ഒറ്റപ്പെടുന്നു എന്നാ തോന്നലില്‍ വിയര്‍ത്തിരുന്നു
ഡറാധൂനിലെ റെസിഡെഷ്യല്‍ സ്കൂളില്‍ നിന്നും വിളിച്ചു കൊണ്ട് പോരുമ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചില്ല . ആശുപത്രിയിലേക്കാ നെന്നു വെറുതെ തോന്നി
വരാന്തയിലേക്ക് ഉരുണ്ടിറങ്ങിയ സ്ട്രക്ച്ചരിന്റെ ഞരങ്ങുന്ന ചക്രങ്ങളുടെ അസഹ്യമായ തേങ്ങല്‍
കണ്ണാടി പോലെ മിനുങ്ങുന്ന ഗ്രാനൈറ്റ് നിലത്തെ …നിഴലിന്‍റെ ആഴങ്ങളില്‍ ..ഉലയുന്ന വിരിപ്പിനുള്ളില്‍ ഉറഞ്ഞു പോയ അമ്മകറുത്ത ബ്ലൌസിട്ട് സെമിത്തേരിയില്‍ നിന്നപ്പോള്‍ ,കമാന്‍ങ്ങിംഗ് ഓഫീസിറും മറ്റു പലരും ആശ്വസിപ്പിച്ചു
പുവര്‍ ബോയ്‌
എന്നും ഒറ്റക്കായിരുന്നു അമ്മ .ഭൂമിക്കടിയില്‍ ഉള്ള ഏതോ ലോകത്ത് മറഞ്ഞപ്പോള്‍ വെറുതെ ഓര്‍ത്തു.
എന്നെങ്കിലും അമ്മയോട് ചോദിക്കാനിരുന്ന പല ചോദ്യങ്ങളും ബാക്കിയായി
വളര്‍ന്നതിനു ശേഷം …സ്വയം കണ്ണാടിയില്‍ കാണുമ്പൊള്‍ തോന്നാറുണ്ട് അച്ഛന്‍ ഒരു ഫോറിനറോ പാഴസിയോ ആയിരുന്നിരിക്കണം .പച്ച നിറമുള്ള കണ്ണുകളും സാമാന്യത്തില്‍ കവിഞ്ഞ ഉയരവും
ഒരു എട്ടു വയസ്സുകാരന് മനസ്സിലാകുന്ന രീതിയില്‍ ഒന്ന് മാത്രം അറിയാം ഡറാധൂനിലെ റെസിഡെഷ്യല്‍ സ്കൂളിലേക്ക് മാറ്റി ചേര്‍ത്തപ്പോള്‍ സിംഗിള്‍ മതെര്‍ എന്ന് മാത്രം എഴുതിയിട്ടു. എന്‍റെ മുഖത്തേക്ക് നോക്കിയ അമ്മ ജാതിയുടെ കോളം ഒഴിച്ചിട്ടു.
തിരിച്ചു ബോര്‍ഡിഗിലേക്ക് പോയപ്പോള്‍ ഒരു ട്രങ്കില്‍ അടച്ചു സൂക്ഷിച്ച അമ്മയുടെ ചില സാധനങ്ങളും പൈന്‍ കുറെ ഓര്‍മ്മകളും ഫാദറെ ഏല്‍പ്പിച്ചു
ഫാദര്‍ പ്രിന്‍സിപ്പാള്‍ കെട്ടിപിടിച്ചു ,നന്നായി പഠിക്കണം ദൈവമുണ്ട് കൂടെ.
അവിടെ ഇരുന്ന ഒരാളെ ചൂണ്ടികാട്ടി പ്രിന്‍സിപ്പാള്‍ പറഞ്ഞു ഇനി ബാങ്കാണ് കെയര്‍ ടേക്കര്‍
വീണ്ടും ഒറ്റപെടലിന്റെ വേവ്
പഠിപ്പ് മാത്രമായിരുന്നു സുഹൃത്ത് . ചിലപ്പോ ചിഅല്ര്‍ ചോദിക്കും എല്ലാരോടും ഒരേ ഉത്തരം
അമ്മ മരിച്ചു. അച്ഛന്‍ എബ്രോഡും. അമ്മയുടെ വേരുകള്‍ കേരള ആണ് പക്ഷെ അവിടെ ആരും ഇല്ല
ഇങ്ങനെ ഉള്ള എല്ലാ ചോദ്യങ്ങളും ഹാര്‍വാര്‍ഡില്‍ അഡ്മിഷന്‍ കിട്ടിയതോടെ കൂടി അവസാനിച്ചു
പക്ഷെ അവിടിന്നാണ് തൊപ്പി കയറി കൂടിയത്. മെഴുകു പ്രതിമ പോലെ ഉള്ള നൂര്‍ജഹാന്‍ സല്മ അടുത്തു വന്നിരുന്ന് ആദ്യം ചോദിച്ചത്
പാലസ്തീന്‍ ?
അല്ല ഇന്ത്യ
ഓ ഇന്ത്യ ? കശ്മീര്‍ ?
അല്ല
പേര്‍ ?
യാക്കോവ്
ഓ യാക്കുബ് …!
അതിലെ ധ്വനി മനസ്സിലായത് കൊണ്ട് ലോകത്തില്‍ വെച്ച് ഏറ്റവും മനോഹരമായ കണ്ണുകളിലേക്കു നോക്കിയിരുന്നു ഞാന്‍ തലയാട്ടി
വീട്ടുക്കാര്‍ പോലും ഉപേക്ഷിച്ച അമ്മക്ക് ആകെ ഉണ്ടായിരുന്ന ഒരു ആശ്രയം ചാണ്ടിഗരിലെ ഒരു ഫാതര്‍ ആയിരുന്നു എന്നും ആ ഫാദറിന്റെ പേരാണ് എനിക്ക് ഇട്ടതെന്നും അമ്മ പറയാറുണ്ട്.
പക്ഷെ ..എപ്പോ അത് പറഞ്ഞിറ്റൊന്നും പോലീസുകാര്‍ സമ്മതിക്കുന്നില്ല
സര്‍ നയിം ..മിഡില്‍ നെയിം …അച്ഛന്‍ അമ്മ സുഹൃത്തുക്കള്‍ !!
ലാപ്ടോപ്പിന്റെ പാസ്സ്‌വേര്‍ഡ്‌ ?
ദുരൂഹത എന്നോ മറ്റോ?
ദുരൂഹത എന്ന വാക്ക് സല്‍മയും ഒരിക്കല്‍ പറഞ്ഞു. യാക്കുബ് ആര്‍ക്കും ഒന്നും റിവീല്‍ ചെയ്യില്ല. എല്ലാം ദുരൂഹത ആണ് . എന്ത് തന്നെ ആയാലും ഉടനെ വീട്ടില്‍ വന്നു അബ്ബുവിനെ കാണണം . കോഴ്സ് കഴിയാറായി
ചില തീരുമാനങ്ങള്‍ എടുക്കാന്‍ ഉണ്ട്
അന്ന് അവള്‍ ഒരു കുര്‍ത്ത സമ്മാനിച്ചു . ഇത് ഇട്ടാല്‍ മതി
കൂടെ മല്ല ലെയിസില്‍ തിന്നിയ ഒരു തൊപ്പിയും . പക്ഷി തൂവളിനെക്കാള്‍ മൃദുലമായിരുന്നു അത്. അവളുടെ ഉമ്മുമ്മ തുന്നിയതാനെന്നു പറഞ്ഞ് അവള്‍ തന്നെ അത് എന്‍റെ തലയില്‍ ഇട്ടു തരാന്‍ അടുത്തു വന്നു
എന്‍റെ മുഖത്തോട് അടുത്തു വന്ന അവളുടെ നിശ്വാസത്തിന് അത്തറിന്റെ സുഗന്ധമായിരുന്നു.അല്പം
പിളര്‍ന്ന ചുവന്ന ചുവന്ന ചുണ്ടുകിളിള്‍ രക്തം പൊടിയുന്നത് പോലെ ചുവപ്പ് ഏറിയത് കണ്ടുപ്രണയം ചാലിച്ച് കണ്ണുകളില്‍ വിധേയത്വം
ഞാന്‍ പെട്ടന്ന് അകന്നു മാറിയപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി . പിന്നീട് ഉറക്കെ പൊട്ടി ചിരിച്ചു
വാസ്തവത്തില്‍ നീ ഒരു പോട്ടനാണ് ..പക്ഷെ അതാണ് നിന്റെ ഏറ്റവും നല്ല ഗുണവും
തൊപ്പിയും കുര്‍ത്തയും ഒന്നും സല്‍മയുടെ പിതാവിനെ സന്തോഷിപ്പിച്ചില്ല .” ഖാന്താനും പരമ്പരയും ഒന്നും ഇല്ലാത്ത എനിക്ക് സല്മ നഷ്ടമായി .പറക്കും പരവതാനിയില്‍ സല്മയെ കടത്തികൊണ്ട് പോരാന്‍ അറബികഥയിലെ അലാട്യന്റെ പോലെ ഒരു ജീനി സ്വന്തമായുണ്ടായിരുന്നില്ല.
പക്ഷെ അവള്‍ തന്ന തൊപ്പി അണിമ്പോഴൊക്കെ അവളുടെ നിശ്വാസത്തിന്റെ സുഗന്ധം അവളെ കൂട്ടി കൊണ്ട് വരും
ആ തൊപ്പി എന്‍റെ മുഖത്തിനു നന്നായി ഇണങ്ങുന്നുണ്ട് എനിക്ക് തോന്നി. ഏത് വേഷത്തിന്‍റെ കൂടെയും തൊപ്പി പതിവായി. എന്‍റെ പ്രണയത്തിന്റെ സ്മാരകം.
പിന്നീട് അകാലത്തില്‍ കയറിയ കഷണ്ടിക്കും ഒരു മറയായി
ഇപ്പോള്‍ ആ തൊപ്പിയാണ്‌ എന്നെ തൊപ്പിയിട്ടവന്‍ ആക്കിയിരിക്കുന്നത്. ഈ ലോകത്ത് എത്രയോ തരം തൊപ്പികള്‍ ഉണ്ട്. തൊപ്പി വെച്ചവരും ഉണ്ട് ?!.
പക്ഷെ ആ തൊപ്പി അല്ല ഈ തൊപ്പി. ഈ തൊപ്പിക്കകത്ത് ഭീകരവാദമുണ്ട് .
ക്രോഷ്യ സൂചിയുടെ മുനമ്പില്‍ കുരുക്കിയ വെള്ള നൂലില്‍ ഒരു പാട് കുരുക്കുകള്‍ നൈയ്ത് ഉണ്ടാക്കുന്ന ഈ തൊപ്പി കൊണ്ട് അടയാളപ്പെടുത്തുന്നത് മരണമാണ്.
ഭീകരതക്ക്‌ വേഷമുണ്ടോ ?
ഉണ്ട്.തൊപ്പിയും അയഞ്ഞ കുര്‍ത്തയും. ഒരു മതവിഭാഗത്തിന്‍റെ മുഴുവന്‍ പ്രമാണാങ്ങളും, കള്ള പ്രമാണാങ്ങള്‍ ആക്കിയത് ഈ വേഷമാണ്. നിന്റെ ബാക്ക് പാക്കിലെ ലഘുലേഖകളില്‍, ലോകം മുഴുവന്‍ നട്ടു പിടിപ്പിക്കുന്ന വിത്തുകള്‍ പിഴുതെറിഞ്ഞാലും എവിടെയെങ്കിലും തെറിച്ചു വീഴുന്ന ബീജങ്ങളില്‍ നിന്നും അനുയായികള്‍ പിറക്കും എന്ന ഭാഷ്യം? പിന്നെ വേദ പുസ്തകം ?!
ഇതൊക്കെ ഏതോ നാട്ടില്‍ വെച്ചു ആരോ തന്നതാണ്. അത് മാത്രമല്ലല്ലോ.ബൈബിളും ഗീതാഞ്ജലിയുമുണ്ടല്ലോ സര്‍ ?!
ഷട്ട് അപ്പ്‌.
എല്ലാം പറഞ്ഞിട്ടും ഈ ഇരിട്ടു മുറിയില്‍ ഒറ്റക്ക് എത്ര നേരമായി
സ്വിച്ച് ഓഫ്‌ ദ ലൈറ്റ്സ്.
വീണ്ടും വാതില്‍ തുറന്നു വന്ന ഇരിമ്പു പ്രതിമ പോലത്തെ പോലീസുകാരന്‍ ആരോടോ വിളിച്ചു പറഞ്ഞു
പെട്ടന്ന് തെളിഞ്ഞ വെളിച്ചം കണ്ണുകള്‍ അടച്ചു കളഞ്ഞു
ഇനി നിനക്ക് എല്ലാം പറയാതെ നിവൃത്തിയില്ല, പെന്‍ ഡ്രൈവ്, ഫോണിലെ സന്ദേശങ്ങള്‍..എല്ലാം പരിശോധിച്ചു കഴിഞ്ഞു.
ചരിത്ര പ്രധാനമായ കെട്ടിടങ്ങള്‍ …എയര്‍ പോര്‍ട്ടുകള്‍,മ്യുസിയങ്ങള്‍ എല്ലാത്തിന്റെയും വ്യക്തമായ രൂപ രേഖകള്‍, അവയെല്ലാം ബോംബിട്ടു തകര്‍ക്കുന്ന വീഡിയോകള്‍
അയാള്‍ പിസ്റ്റള്‍ തലയില്‍ മുട്ടിച്ചു പിടിച്ചു
ഏതോ ഫ്ലൈറ്റില്‍ വെച്ച് ഒരു കുട്ടി എന്‍റെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തു തന്ന ആപ് ആണ് സര്‍ അത്. ഒരു കളിയാണത്.
നിങ്ങള്‍ക്കത് കളിയാണ് ..അടുത്ത ആക്രമണം ..അതെവിടെയാണ്
സംഭവിച്ചു കഴിഞ്ഞല്ലോ സര്‍!
യു മാസ്റ്റര്‍ മൈന്‍ഡ് ..ഇനി അടുത്തത് എവിടെ?
എപ്പോള്‍ ?
സര്‍ ചെയ്യണമെന്ന്‍ ഉള്ളവര്‍ക്ക് ഒരൊറ്റതവണ വിജയിച്ചാല്‍ മതി. തടയാന്‍ ശ്രമികുന്നവര്‍ക്ക് സദാ അതിനു കഴിയണം. നിങ്ങള്‍ വെറുതെ ഈ ഇരുട്ടില്‍ തപ്പി സമയം പാഴാക്കുന്നു. എനിക്കൊന്നും അറിയില്ല.
ഓഫീസര്‍ തോക്ക് ഒന്നുകൂടി അമര്‍ത്തി
നീ വാചക കസര്‍ത്ത് നിര്‍ത്തിക്കോ
എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. വിശപ്പും ദാഹവും ആണെങ്കില്‍ സഹിക്കാന്‍ കഴിയുന്നില്ല.
ഹും പറയ്‌ അടുത്ത പ്ലാന്‍
ഈ തൊപ്പിക്കടിയില്‍ ഉണ്ട് സര്‍ …ഞാന്‍ നിര്‍ത്താതെ ചിരിച്ചു
അയാള്‍ ഞൊടിയിടയില്‍ തൊപ്പി പറിച്ചെടുത്ത് നിലത്തെറിഞ്ഞു.പെട്ടന്നു തലയുടെ ആവരണം നഷ്ടപ്പെട്ടത് പോലെ. കഷണ്ടിയില്‍ കാറ്റടിച്ചപ്പോള്‍ തണുപ്പ് തോന്നി . എനിക്ക് ചിരി നിര്‍ത്താനായില്ല.
ഒരു നിമിഷം …! ഏതോ അമ്മ ഏറ്റവും നിര്‍മലമായ വെള്ള നൂലില്‍ തുന്നിയെടുത്തു ,നിറയെ സ്നേഹം പൊതിഞ്ഞു കൊടുത്തയച്ച ഒരു പെണ്ണിന്‍റെ പ്രണയത്തിന്‍റെ സുഗന്ധം മുഴുവന്‍ പൂശി അണിയിച്ച തൊപ്പി.
തലയില്‍ നിന്നും ഒഴുകി ഇറങ്ങിയ ചോരപ്പുഴ ഒരു നിമിഷത്തേക്ക് തടുത്ത തൊപ്പി ആകെ ചുവന്നു. തല തുളച്ചു പുറത്തു വന്ന ബുള്ളെറ്റ് തകര്‍ത്ത ബള്‍ബ് ഇരുളിലാക്കിയ മുറിയില്‍..പുറത്തേക്കുള്ള വാതിലിനായി ഓഫീസര്‍ ഇരുട്ടില്‍ തപ്പി.