കൊച്ചി: രാജ്യത്തെ ഓൺലൈൻ പണമിടപാടുകൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും അവരുടെ വെബ്സൈറ്റുകളിൽ നിന്നും മറ്റ് ആപ്പുകളിൽ നിന്നും ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് റിസർവ് ബാങ്ക് കമ്പനികൾക്ക് നൽകിയിട്ടുള്ള നിർദേശം.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാക്കുന്ന തരത്തിൽ ഓൺലൈൻ ഇടപാടുകൾ മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ സൂക്ഷിച്ച് ഓരോ ഇടപാടുകളും എളുപ്പത്തിലാക്കുന്ന തരത്തിലാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഈ വർഷം മാർച്ച് 31വരെ സംവിധാനം ഒരുക്കിയിരുന്നത്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്ന വ്യക്തിഗത വിവരങ്ങൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുണ്ടെന്ന സാധ്യതകൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് കാർഡ് ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
അടുത്ത വർഷം മുതൽ ടോക്കണൈസേഷൻ എന്ന പുതിയ രീതിയിലേക്ക് മാറാനാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ തയാറെടുക്കുന്നത്. ഇതനുസരിച്ച് ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾക്ക് പകരം ടോക്കണുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കാർഡ് വിവരങ്ങൾ നൽകാതെ തന്നെ ടോക്കണൈസേഷൻ വഴി സാധിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾ രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്താണ് കാർഡ് വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നിയന്ത്രണം ശക്തമാക്കുന്നത്. ഈ വർഷം ഒക്റ്റോബറിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ കാർഡ് ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്.
പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ ഓരോ ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താവ് കാർഡ് വിവരങ്ങൾ നൽകേണ്ടി വരും. കൂടാതെ ഒറ്റത്തവണ പാസ്വേഡ് നൽകി സുരക്ഷിതത്വം പൂർണമായും ഉറപ്പുവരുത്തണമെന്നും റിസർവ് ബാങ്ക് നിബന്ധനയുണ്ട്.