ദിനംപ്രതി ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈയൊരവസരത്തിൽ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളോടുകൂടിയ പഠനവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഭുബനേശ്വര്‍ ഐഐടി. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് ഭുബനേശ്വര്‍ ഐഐടിയിലെ പഠനത്തിന്റെ കണ്ടെത്തല്‍.
സര്‍ജിക്കല്‍ മാസ്കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം ദൂരത്തെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ‘ലീക്ക്’ വന്നേക്കാവുന്ന മാസ്കുകള്‍ ധരിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്
അഞ്ച് ലെയറുള്ള മാസ്കാണ് ഇപ്പോള്‍ ധരിക്കാന്‍ സുരക്ഷിതമെന്നം പഠനം ചൂണ്ടിക്കാട്ടുന്നു. അത്രയും ലെയറുകളുള്ളതിനാല്‍ തന്നെ സ്രവകണങ്ങള്‍ പുറത്തെത്താന്‍ സാധ്യത വളരെ കുറവായിരിക്കും. അതിനാലാണ് ഈ മാസ്ക് തന്നെ ധരിക്കണമെന്ന് ഗവേഷകര്‍ ഉറപ്പിച്ചുപറയുന്നു.
‘നിലവാരമുള്ള എന്‍-95 മാസ്കുകളാണെങ്കില്‍ സ്രവകണങ്ങള്‍ പുറത്തെത്തുന്നത് പരമാവധി തടയും. അഞ്ച് ലെയറുള്ള മാസ്കാണ് ഏറ്റവും ഫലപ്രദം. മറ്റ് മാസ്കുകളാണെങ്കില്‍ അവയുടെ ഇഴകള്‍ക്കകത്തുകൂടി സ്രവകണങ്ങള്‍ പുറത്തെത്താം. പുറത്തിറങ്ങുകയും ആളുകളുമായി സംസാരിക്കുകയും ചെയ്യുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും സര്‍ജിക്കല്‍ മാസ്കുകളോ ഷീല്‍ഡുകളോ ഉപയോഗിക്കരുതെന്നാണ് പുതിയ പഠനം പറയുന്നത്.
ഇക്കാരണം കൊണ്ട് ആശുപത്രികള്‍ പോലും സര്‍ജിക്കല്‍ മാസ്കുകളുടെയും ഷീല്‍ഡുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണെന്നും പഠനം നിരീക്ഷിക്കുന്നു.
‘ശ്വസനപ്രക്രിയയിലൂടെ തന്നെയാണ് അധികവും രോഗവ്യാപനമുണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് അത്ര സ്വീകാര്യതയും പരിഗണനയും നാം കൊടുത്തില്ല എന്നതാണ് സത്യം. ഞങ്ങളുടെ പഠനം പ്രധാനമായും ഈ വിഷയം കേന്ദ്രീകരിച്ചായിരുന്നു. അതിനാലാണ് മാസ്കുകളുടെ പ്രയോജനത്തെ കുറിച്ച് ഭുബനേശ്വര്‍ ഐഐടിയുടെ പുതിയ പഠന റിപ്പോർട്ടിൽ എടുത്ത് പറയേണ്ടിവന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഐഐഡി ഭുബനേശ്വര്‍ ഡയറക്ടര്‍ പ്രൊഫസര്‍ ആര് വി രാജ് കുമാര്‍ വ്യക്തമാക്കി.