ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തൽ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നടത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കേന്ദ്ര സർക്കാർ വിഷയത്തിൽ വിശദീകരണം നൽകുന്നില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വയർ പെഗാസസ് ഉപയോഗിച്ച് 1,400 ഓളം ആളുകളുടെ ഫോണ് വിവരങ്ങൾ കേന്ദ്രം ചോർത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഇന്ത്യയിൽ മാത്രം 300 ഓളം പേരുടെ ഫോണ് വിവരങ്ങൾ ചോർത്തിട്ടുണ്ട്. ഇതിൽ സുപ്രീം കോടതി ജഡ്ജിയും കേന്ദ്ര മന്ത്രിമാരും മുതിർന്ന ആർഎസ്എസ് നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. അതിനിടെ ചാര സോഫ്റ്റ്വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷം പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ലോക്സഭയിൽ എൻ. കെ പ്രേമചന്ദ്രനും നോട്ടീസ് നൽകി.