നൂറു ദിവസത്തെ സിനിമാകാത്തിരിപ്പുകൾക്കു ശേഷം മലയാളികളുടെ മനസിലേക്ക് പ്രണയമഴ പൊഴിച്ച ചിത്രമാണ് സൂഫിയും സുജാതയും. വിപ്ലവകരമായ പലമാറ്റങ്ങളും വിവാദങ്ങളും കടന്നാണ് ഈ ചിത്രം നമുക്കിടയിലെത്തിയത്. അതെ ഓവർ ദി ടോപ്പ് (ഒ.ടി.ടി) പ്ലാറ്റ്ഫോമിലൂടെ പുറത്തുവന്ന ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും…
ഉസ്താദിന്റെ ഖബറിടമുള്ള ജിന്ന് പള്ളിയിലേക്ക് അർധരാത്രിയിൽ കടന്നുവരുന്ന സൂഫിയിൽനിന്ന് ആരംഭിക്കുന്ന ചിത്രം പിന്നീടങ്ങോട്ട് നമ്മെക്കൊണ്ടുപോകുന്നത് അനശ്വരമായ ഒരു പ്രണയകഥയിലേക്കാണ്…സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സൂഫിയും സുജാതയും പ്രണയത്തിന്റെ കാല്പനികതയിൽ ഊന്നിയ ഒരു സിനിമാതന്നെയാണെന്ന് നമുക്ക് ഉറപ്പിച്ചുപറയാം.
ആദ്യാവസാനം സൂഫിസത്തിന്റെ മിസ്റ്റിക് സ്വാഭാവം നിലനിർത്തുന്ന ചിത്രം കാസർഗോട്ടെ ഒരു അതിർത്തി ഗ്രാമതിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ദർഗകളും ജിന്നുകളും പഴയ തറവാടുകളും അന്ധവിശ്വാസങ്ങളും പഴഞ്ചൻ മനുഷ്യരും നിറഞ്ഞുനിൽക്കുന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ജിന്ന് പള്ളിയും മുല്ല ബസാറുമൊക്കെയുള്ള സാങ്കൽപികലോകത്തിലൂടെ ഭൂതകാലവും വർത്തമാനകാലവും ഇഴചേർന്ന നോൺലീനിയർ രീതിയിലാണ് കഥ പറച്ചിൽ.
പ്രമുഖമായൊരു നായർ തറവാട്ടിലെ ഒറ്റമോളാണ് സുജാത. അവൾ സംസാരശേഷിയില്ലാത്ത പെൺകുട്ടിയാണ്. നൃത്തമാണ് അവളുടെ ലോകം. അവിടേക്കാണ് നാട്ടിലെ സിദ്ധനായ അബൂബ് തങ്ങളുടെ ശിഷ്യനായ സൂഫിയുടെ കടന്നുവരവ്. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന അതിതീവ്ര പ്രണയവുമാണ് കഥാതന്തു.
സംസാര ശേഷിയില്ലാത്ത കുട്ടിയാണ് സുജാത അതുകൊണ്ടുതന്നെ സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ പ്രണയത്തെ തീവ്രമായി അനുഭവിപ്പിക്കാൻ നായികയെക്ക് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരേപോലെ സാന്നിധ്യം അറിയിച്ച അദിതി റാവു ഹൈദരിയാണ് ചിത്രത്തിൽ സുജാതയായി എത്തുന്നത്. നവാഗതനായ ദേവ് മോഹനാണു സൂഫിയായി എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ രാജീവായി നടൻ ജയസൂര്യയും അഭിനയിക്കുന്നു. അൽപം പ്രതിനായക ഛായയുള്ള കഥാപാത്രമാണെങ്കിലും ലഭിച്ച സ്ക്രീൻ സ്പേസ് നന്നായി വിനിയോഗിക്കുന്നുണ്ട് ജയസൂര്യ. സിദ്ദിഖ്, ഹരീഷ് കണാരൻ, കലാരഞ്ജിനി, മാമുക്കോയ മണികണ്ഠൻ പട്ടാമ്പി, സ്വാമി ശൂന്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു തുടക്കക്കാരന്റെ യാതൊരുവിധ പതർച്ചയുമില്ലാതെ ദേവ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ദേവിലെ അഭിനേതാവിനെ ഫലപ്രദമായി പുറത്തുകൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കരി എന്ന ആദ്യ ചിത്രത്തിന് ശേഷം സൂഫിയും സുജാതയിലും എത്തിനിൽക്കുമ്പോൾ ഷാനവാസ് നരണിപ്പുഴയെന്ന സംവിധായകൻ തന്റെ സംവിധാനമികവ് തെളിയിച്ചു എന്നുതന്നെ പറയാം.
സൂഫി പശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ടുതന്നെ സിനിമയിൽ ആദ്യാവസാനംവരെ സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പ്രേക്ഷകർക്ക് മികച്ച ദൃശ്യ-ശ്രവ്യ അനുഭവം പകർന്നു നൽകുന്ന ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്. ബി.കെ. ഹരിനാരായണന്റെയും മനോജ് യാദവിന്റെയും വരികളിൽ പ്രണയത്തിന്റെ മാസ്മരികത നിറച്ച് പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും ഒരു പോലെ മികവ് പുലർത്താനും പ്രണയാർദ്രമായ ഈണങ്ങളിലേക്ക് സിനിമയെ ഇഴുകിച്ചേർക്കാനും എം. ജയചന്ദ്രനു കഴിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം അനു മുത്തേടത്തിന്റെ ക്യാമറക്കണ്ണുകൾ കൂടെ ചേരുമ്പോൾ സൂഫിയും സുജാതയും പ്രേക്ഷകർക്കുമുന്നിൽ പ്രണയത്തിന്റെ ഒരു പൂക്കാലം തന്നെ തീർക്കുന്നു. ദീപു ജോസഫിന്റെ എഡിറ്റിംഗ് മികവുകൂടെ ഒപ്പം ചേരുന്നതോടെ ചിത്രം പൂര്ണത്തിയിലെത്തുന്നു. കലാമൂല്യമുള്ള ഒരു പ്രണയ ചിത്രം മലയാള സിനിമയ്ക്കു സമ്മാനിക്കുകയും ഒടിടി റിലീസിലൂടെപുതിയൊരു മാർക്കറ്റ് തുറന്നുകൊടുക്കുകയും ചെയ്ത ഫ്രൈഡേ ഫിലിംസും വിജയ് ബാബുവും അഭിനന്ദനം അർഹിക്കുന്നു.
മാസ് ഡയലോഗുകളോ സംഘട്ടനരംഗങ്ങളോ വലിയ ബഹളങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞു സിനിമയാണ് സൂഫിയും സുജാതയും…ആദ്യം മുതൽ അവസാനം വരെ പ്രണയത്തിന്റെ അനിർവചനീയമായ അനുഭൂതി പകരുന്ന സിനിമ.