പ്രതിരോധ സേനയിൽ പെൺകുട്ടികൾക്ക് പച്ചക്കൊടി

0

നാഷനൽ ഡിഫൻസ് അക്കാദമി നടത്തുന്ന പരീക്ഷയിൽ പെൺകുട്ടികൾക്കും അപേക്ഷിക്കാൻ അനുമതി നൽകണമെന്ന കോടതി വിധിക്ക് ശേഷം കേന്ദ്ര സർക്കാർ ദേശീയ പ്രതിരോധ സേനയിൽ സ്ത്രീകൾക്ക് കമ്മീഷൻ റാങ്കുകളിൽ നിയമനം നൽകുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാറിൻ്റെ സുപ്രധാനമായ ഒരു സമീപനവും നടപടിയുമായി ഇതിനെ സ്വാഗതം ചെയ്യാം.

എല്ലാ കാര്യങ്ങളിലും തുല്യത ഉറപ്പുവരുത്താൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് പ്രതിരോധ സേനയിലെ ചില പദവികളിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തുന്നത് വിവേചനം തന്നെയാണ്. സർക്കാറിൻ്റെ പുതിയ തീരുമാനത്തിലൂടെ ഈ അനീതിയാണ് അവസാനിക്കാൻ പോകുന്നത്.

അംഗനമാർ അടർക്കളത്തിൽ വീരേതിഹാസം രചിച്ച മണ്ണാണ് ഭാരതത്തിൻ്റേത്. സുൽത്താന റസിയയും ഝാൻസിയിലെ റാണി ലക്ഷ്മിഭായിയും ഭാരതത്തിലെ സ്ത്രീ പോരാട്ടങ്ങളിൽ അതുല്യമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ സ്വന്തം രക്തം കൊണ്ട് സമര ഗാഥ രചിച്ച വനിതാ രത്നങ്ങളുടെ ഉത്തമ ഉദാഹരണങ്ങൾ സ്വാതന്ത്ര്യ സമരത്തിൻ്റെ തിളക്കം വർദ്ധിപ്പിച്ചിട്ടുണ്ട്.

അരുണാ ആസഫ് അലിയും മാതംഗനി ഹസ്രയും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വലമായ അഗ്നി നക്ഷത്രങ്ങൾ തന്നെയായിരുന്നു’ ഇന്നലെകളിൽ ഈ നാടിൻ്റെ പ്രതിരോധത്തിന്നായി പോരാടിയ വനിതകളുടെ പിൻതലമുറയെ പ്രതിരോധസേനയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ ഔചിത്യമില്ലെന്ന തിരിച്ചറിവ് കേന്ദ്ര സർക്കാറിൻ്റെ ഭാഗത്ത് നിന്നുണ്ടായത് സ്വാഗതാർഹമായ കാര്യം തന്നെ. വളയിടുന്ന കരങ്ങളുടെ കരുത്ത് അംഗീകരിക്കാൻ കാണിച്ച തീരുമാനം അഭിനന്ദനങ്ങൾ അർഹിക്കുന്നു.