മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

0

കൊച്ചി: കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്. 23ന് ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്ളാറ്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.

ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു മരട് മുനിസിപ്പാലിറ്റിയോട് മെയ് എട്ടിലെ ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടത്. നാല് മാസം ആകാറായിട്ടും ഉത്തരവ് നടപ്പാക്കിയില്ല. ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്.

ചീഫ് സെക്രട്ടറി ഇതിനുള്ള വിശദീകരണം നല്‍കേണ്ടി വരും.‌ തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ നേരിടേണ്ടിയും വന്നേക്കും.