ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേരള ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് പുതിയ സമിതി വരുന്നതുവരെ ഇടക്കാല ഭരണം തുടരാം. കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് സുപ്രിംകോടതിയെ സമീപിച്ചത്.