ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സെക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. ബീഹാർ മുസാഫർപൂർ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവർ സുശാന്ത് വേഷമിട്ട ഏഴോളം സിനിമകൾ മുടങ്ങിപ്പോകുന്നതിനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും വഴിയൊരുക്കി എന്ന സംശയം അഭിഭാഷകൻ സുധീർ ഉയർത്തി. ഇതാകാം സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്ന് സുധീർ തുറന്ന് പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീർ വ്യക്തമാക്കി.
സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമും സമാന ആരോപണവുമായി രംഗത്തു വന്നിരുന്നു.
ഇവർ പങ്കുവച്ച ട്വീറ്റിൽ അവസാനം പുറത്തിറങ്ങിയ ചിച്ചോരെയ്ക്ക് ശേഷം ഏഴ് സിനിമകൾ സുശാന്തിന് ലഭിച്ചിരുന്നതായും എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആ സിനിമകളെല്ലാം അദ്ദേഹത്തിന് നഷ്ടമായെന്നും തുറന്ന് പറഞ്ഞു. ഇത് കൂടാതെ സിനിമാ മേഖലയിലെ നിഷ്ഠൂരത മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇതാണ് പ്രതിഭാശാലിയായ ഒരു കലാകാരനെ ഇല്ലാതാക്കിയതെന്നും ട്വീറ്റിലൂടെ നിരുപം വ്യക്തമാക്കി.