കിവികളെ കൂട്ടിലടച്ച് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

0

ദുബായ്: ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസീസ് പട. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ ത്രിമൂര്‍ത്തികളുടെ മിന്നും പ്രകടനമാണ് ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെയും കൂട്ടരെയും കന്നികിരീടം ചൂടിച്ചത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 8 വിക്കറ്റുകൾ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്കോർ ന്യൂസീലന്‍ഡ് 20 ഓവറിൽ 172-4, ഓസ്‌ട്രേലിയ 18.5 ഓവറിൽ 173-2.

ഡേവിഡ് വാർണറിന്റെയും മിച്ചൽ മാർഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്.മിച്ചൽ മാർഷ് പുറത്താകാതെ (77), മാക്സ് വെൽ (28) നേടി. ഡേവിഡ് വാർണർ (53) റൺസെടുത്ത്‌ പുറത്തായി.

ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നാലെ എത്തിയ വാർണർ മാർഷ് കൂട്ടുക്കെട്ടാണ് വിജയലക്ഷ്യം അനായാസമാക്കിയത്. ന്യൂസീലന്‍ഡിന് വേണ്ടി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 2016ലെ ലോകകപ്പ് ഫൈനലിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്‌സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് വില്യംസണ്‍ മറികടന്നത്. ഓസിസിന് വേണ്ടി ജോഷ് ഹസ്സിൽവുഡ് 3 വിക്കറ്റുകൾ നേടി, ആദം സാംബ ഒരു വിക്കറ്റും നേടി.